മഞ്ചേരി പഴയ ബസ്സ്റ്റാൻഡ് പൊളിക്കാൻ ടെൻഡറായി
text_fieldsമഞ്ചേരി: നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന പഴയ ബസ്സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കാൻ ടെൻഡറായി. 15 ലക്ഷം രൂപക്കാണ് ടെൻഡർ നൽകിയത്. രണ്ടാഴ്ചക്കകം കെട്ടിടം പൊളിക്കാനാണ് തീരുമാനം. മൂന്ന് കരാറുകാരാണ് ടെൻഡറിൽ പങ്കെടുത്തത്.
കെട്ടിടം പൊളിച്ചുമാറ്റി ബസ്ബേയും ഷോപ്പിങ് കോംപ്ലക്സും നിർമിക്കാനാണ് നഗരസഭയുടെ തീരുമാനം. കെട്ടിടം പൊളിക്കാൻ വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും വ്യാപാരികളുടെ എതിർപ്പ് മൂലം വൈകുകയായിരുന്നു. പലതവണ വിഷയം കോടതി കയറുകയും ചെയ്തു. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കാൻ ഹൈകോടതിയും നിർദേശിച്ചിരുന്നു.
അടുത്ത ആഴ്ച ചേരുന്ന കൗൺസിൽ ടെൻഡറിന് അംഗീകാരം നൽകുമെന്ന് നഗരസഭാധ്യക്ഷ വി.എം സുബൈദ പറഞ്ഞു. തുടർന്ന് കരാറുകാരനായി സമ്മതപത്രം ഒപ്പുവെക്കും. ബസുകൾ നിർത്തിയിടുന്ന ഭാഗം ആദ്യം പൊളിക്കും. ഇവിടത്തെ പണി പൂർത്തിയാക്കിയ ശേഷം വ്യാപാരികളെ ഇങ്ങോട്ടുമാറ്റി മുൻഭാഗം പൊളിക്കും.
നഗരസഭ നിർമിക്കുന്ന ബസ്ബേ കം ഷോപ്പിങ് കോംപ്ലക്സിന്റെ രൂപരേഖ നേരത്തേ തയാറാക്കിയിരുന്നു. അഞ്ച് നിലയിലുള്ള കെട്ടിട സമുച്ചയം നിർമിക്കാനാണ് തീരുമാനം.കെട്ടിടത്തിന്‍റെ കോൺക്രീറ്റ് പാളികൾ ഈ അടുത്തുപോലും അടർന്ന് വീണിരുന്നു.58 വ്യാപാര സ്ഥാപനങ്ങൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ബസ് ബേ ആയി മാത്രം ഉപയോഗിക്കുന്നതിനാൽ ട്രാക്കുകൾ മുഴുവൻ തെരുവുകച്ചവടക്കാർ കൈയടക്കിയിരിക്കുകയാണ്.കെട്ടിടം പുതുക്കിപ്പണിയാൻ ലോൺ എടുക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.എന്നാൽ, സർവിസ് ബാങ്കിൽ നിന്ന് ഉയർന്ന പലിശക്ക് ലോൺ എടുക്കുന്നതിനെതിരെ പ്രതിപക്ഷം നഗരകാര്യ ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.