മഞ്ചേരി നഗരസഭ: ഭവന പദ്ധതിക്കും കുടിവെള്ളത്തിനും ഗതാഗത മേഖലക്കും ഊന്നല്‍
text_fieldsമഞ്ചേരി: ഭവന പദ്ധതിക്കും കുടിവെള്ളത്തിനും ഗതാഗത മേഖലക്കും ഊന്നല്‍ നല്കി മഞ്ചേരി നഗരസഭ ബജറ്റ്. 102 കോടി രൂപ വരവും 101 കോടി രൂപ ചെലവും 88 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഉപാധ്യക്ഷൻ വി.പി. ഫിറോസ് അവതരിപ്പിച്ചത്.മുൻ വർഷങ്ങളിലെ പോലെ ഭവന പദ്ധതികൾക്കാണ് കൂടുതൽ പ്രാധാന്യം. പി.എം.എ.വൈ ഭവന പദ്ധതിയുടെ വിഹിതമായി 1.15 കോടി രൂപയും എസ്.സി വീട് നവീകരണത്തിന് 70 ലക്ഷം രൂപയും മാറ്റിവെച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ വി.എം സുബൈദ അധ്യക്ഷത വഹിച്ചു. ബജറ്റിന്മേലുള്ള ചർച്ച തിങ്കളാഴ്ച വൈകിട്ട് മൂന്നിന് നടക്കും.
മഞ്ചേരിയുടെ പ്രധാന ആവശ്യമായ കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥാപിക്കാൻ ഏഴ് കോടി രൂപ വകയിരുത്തി. മഞ്ചേരി സൈതാലിക്കുട്ടി ബൈപാസിൽ കണ്ടെത്തിയ സ്ഥലം നഗരസഭ ഏറ്റെടുക്കും. ഇവിടെ ഷോപ്പിങ് കോംപ്ലക്സും നിര്‍മിക്കും. ഇതിനായി കെ.യു.ആര്.ഡി.എഫ്.ഇയില്‍നിന്ന് ആറ് കോടി രൂപ വായ്പയെടുക്കും. ഒരു കോടി രൂപ തനത് ഫണ്ടിൽനിന്ന് ചെലവഴിക്കും. നിലമ്പൂർ റോഡിലെ ഗതാഗതക്കുരുക്ക് കുറക്കാൻ മാസ് സർവിസ് സ്റ്റേഷന് മുന്നിൽ നിന്നും നെല്ലിപ്പറമ്പിലേക്ക് മിനി ബൈപാസ് നിർമിക്കാൻ ഒരു കോടി രൂപ നീക്കിവെച്ചു.
കെ.ആർ.എസ് റോഡ്, ജയശ്രീ ഓഡിറ്റോറിയം റോഡ്, ആനപ്പാംകുന്ന് നസറത്ത് റോഡ് എന്നിവ വീതികൂട്ടി നവീകരിക്കാൻ ഒരു കോടി രൂപ വകയിരുത്തി. വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി 1.7 കോടിയും ജലസ്രോതസ്സുകളുടെ പുനരുദ്ധാരണത്തിന് 41 ലക്ഷവും നീക്കിവെച്ചു. വിവിധ പദ്ധതികളിലൂടെ 2024 ഓടെ മുഴുവൻ വാർഡുകളിലും കുടിവെള്ളമെത്തിക്കും.
മഞ്ചേരിയിലെത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിത താമസസൗകര്യം ഒരുക്കാൻ ഷീ സ്റ്റേ നിർമിക്കും. നഗരസഭ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി 25 ലക്ഷം മാറ്റിവെച്ചു. കരുവമ്പ്രത്തെ വനിത അപ്പാരൽ പാർക്കിൽ നാളികേരത്തിൽ നിന്നും മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കി വിൽപന നടത്തുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനും 55 ലക്ഷം രൂപ നീക്കിവെച്ചു.അവയവ മാറ്റ ചികിത്സക്ക് വിധേയരാകുന്ന രോഗികള്‍ക്ക് 17 ലക്ഷം, ഡയാലിസിസ് രോഗികള്‍ക്ക് 24 ലക്ഷം, കാന്‍സര്‍ രോഗികള്‍ക്ക് 14 ലക്ഷം, വിവിധ ആശുപത്രികളുടെ നവീകരണത്തിന് 75 ലക്ഷം, പാലിയേറ്റിവ് -പരിരക്ഷ യൂനിറ്റുകള്‍ക്ക് 24 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.