മഞ്ചേരി നഗരസഭ ടെൻഡർ നടപടികളിൽ സുതാര്യതയില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്
text_fieldsമഞ്ചേരി: നഗരസഭയിലെ ടെൻഡർ നടപടികളിൽ സുതാര്യതയും മത്സരക്ഷമതയും ഉറപ്പാക്കുന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2018-19 സാമ്പത്തിക വർഷത്തെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അഞ്ച് ലക്ഷവും അതിന് മുകളിലും അടങ്കലുള്ള പ്രവൃത്തികൾ ഇ ടെൻഡർ മുഖേനയും അഞ്ച് ലക്ഷത്തിൽ കുറവുള്ളത് മാന്വൽ ടെൻഡറുമായാണ് ചെയ്യേണ്ടത്. ഈ വർഷം 410 പ്രവൃത്തികൾ മാന്വൽ ടെൻഡറും ഏഴ് പ്രവൃത്തികൾ ഇ ടെൻഡറുമാണ് ചെയ്തത്. മാന്വൽ ടെൻഡർ ചെയ്ത 410 പ്രവൃത്തികളിൽ ബഹുഭൂരിപക്ഷത്തിലും രണ്ട് കരാറുകാർ മാത്രമാണ് ടെൻഡർ സമർപ്പിച്ചത്. ആകെ ഒമ്പത് പ്രവൃത്തികളിൽ മാത്രമാണ് എസ്റ്റിമേറ്റ് നിരക്കിനേക്കാൾ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തത്. എന്നാൽ, ഇ ടെൻഡർ ചെയ്ത എല്ലാ പ്രവൃത്തികളിലും മത്സരസ്വഭാവമുള്ള ക്വട്ടേഷനുകളാണ് ലഭിച്ചതെന്നും റിപ്പോർട്ടിലുണ്ട്. മാന്വൽ ടെൻഡറിൽ 10.82 കോടി അടങ്കലുള്ള പ്രവൃത്തികൾ ടെൻഡർ ചെയ്തപ്പോൾ 1.58 ലക്ഷം മാത്രമാണ് ടെൻഡർ സേവിങ്സ് ഇനത്തിൽ നഗരസഭക്ക് ലഭിച്ചത്. എന്നാൽ, ഇ ടെൻഡറിൽ 1.95കോടി രൂപ അടങ്കലുള്ള പ്രവൃത്തി ടെൻഡർ ചെയ്തപ്പോൾ തന്നെ 22 ലക്ഷം രൂപ ടെൻഡർ സേവിങ്സ് ഇനത്തിൽ നഗരസഭക്ക് ലഭിച്ചു.
35 കരാറുകാർ നഗരസഭയിൽ വിവിധ പ്രവൃത്തികളുടെ ടെൻഡർ സമർപ്പിച്ചിട്ടുണ്ട്. എന്നിട്ടും മിക്ക പ്രവൃത്തികൾക്കും രണ്ട് കരാറുകാരുടെ ടെൻഡർ മാത്രമാണ് നഗരസഭക്ക് ലഭിച്ചത്. ടെൻഡർ നിരക്ക് ക്വാട്ട് ചെയ്തത് പരിശോധിച്ചപ്പോൾ മാന്വൽ ടെൻഡറിൽ കരാറുകാർ നഗരസഭക്ക് നഷ്ടമുണ്ടാക്കാൻ അന്യായമായി സംഘം ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിലുള്ള ക്രമക്കേടുകൾ തടയാൻ എല്ലാ പ്രവൃത്തികളും ഇ ടെൻഡർ ചെയ്യണമെന്നും ടെൻഡർ പരസ്യത്തിന് കൂടുതൽ പ്രചാരം നൽകാൻ സർക്കാർ നിർേദശിച്ച നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ ദിവസം നഗരസഭയിൽ െടൻഡറിലെ ക്രമക്കേട് ഇടതുപക്ഷ കൗൺസിലർമാർ ചോദ്യം ചെയ്തത് യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകരുടെ തമ്മിലടിക്ക് കാരണമായിരുന്നു. ടെൻഡർ നടപടികൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടക്കുന്നെതന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൻ വി.എം. സുബൈദ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.