മഞ്ചേരി നഗരസഭ കൗൺസിൽ; പയ്യനാട് കുടിവെള്ള പദ്ധതി വേഗത്തിൽ പൂർത്തിയാക്കണം
text_fieldsമഞ്ചേരി: പാതിവഴിയിൽ നിലച്ച പയ്യനാട് കുടിവെള്ള പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്ന് നഗരസഭ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ റഹീം പുതുക്കൊള്ളിയാണ് പ്രമേയം അവതരിപ്പിച്ചത്. കൗൺസിലർ മരുന്നൻ മുഹമ്മദ് പിന്താങ്ങി. ആറുവർഷം മുമ്പ് ആരംഭിച്ച പദ്ധതി നാളിതുവരെയായി പൂർത്തീകരിച്ചിട്ടില്ല. വേനൽ കടുത്തതോടെ പയ്യനാട് വില്ലേജിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. നഗരസഭ പരിധിയിലെ 11 വാർഡുകൾ ഉൾക്കൊള്ളുന്ന പ്രദേശമാണിത്. ഈ പദ്ധതി നിലവിലുള്ളതിനാൽ നഗരസഭയിൽ നിന്നും മറ്റു കുടിവെള്ള പദ്ധതികളൊന്നും നടപ്പാക്കാൻ സാധിക്കുന്നില്ല.
അതുകൊണ്ട് നിരവധി കുടുംബങ്ങൾ പ്രയാസം നേരിടുകയാണ്. ടാങ്കറുകളെയും മറ്റു പൊതുകിണറുകളെയുമാണ് ഇവർ ആശ്രയിക്കുന്നത്. പദ്ധതി ഉടൻ യാഥാർഥ്യമാക്കണമെന്നും പുതിയ കണക്ഷൻ നൽകാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് നൽകുന്ന റിങ് കംപോസ്റ്റിന് ലഭിച്ച ക്വട്ടേഷനിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ ക്വട്ടേഷൻ കൗൺസിൽ അംഗീകരിച്ചു. ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, എൻ.എം. എൽസി, കൗൺസിലർമാരായ കണ്ണിയൻ അബൂബക്കർ, സി.പി. അബ്ദുൽകരീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.