ചെണ്ടുമല്ലി വിരിഞ്ഞ് പെരിമ്പലത്തെ പൂപ്പാടം
text_fieldsമഞ്ചേരി: ഓണത്തിന് പൂക്കളമൊരുക്കാൻ പെരിമ്പലത്തെ ചെണ്ടുമല്ലിയും. ആനക്കയം പെരിമ്പലം മോസ്കോയിലാണ് കാക്കമൂലക്കൽ യൂസുഫ് (54) ചെണ്ടുമല്ലി കൃഷി ഒരുക്കിയത്. മഞ്ഞയും ചുവപ്പുമായി ഒരു ഏക്കറോളം സ്ഥലത്താണ് പൂക്കൾ വിരിഞ്ഞത്. 60 സെന്റിൽ മഞ്ഞയും 20 സെന്റിൽ ചുവപ്പുമായാണിത്. മറ്റു 20 സെന്റിൽ നാടൻ ചെണ്ടുമല്ലിയും തയാറാക്കിയിട്ടുണ്ട്.
ഓണവിപണി ലക്ഷ്യമിട്ട് ശനിയാഴ്ച വിളവെടുപ്പ് നടക്കും. ഏറെകാലം പ്രവാസിയായിരുന്ന യൂസഫ് കോവിഡ് കാലത്താണ് നാട്ടിലെത്തിയത്. പിന്നീട് കൃഷിയിലേക്ക് തിരിഞ്ഞു. ആദ്യം പരീക്ഷണാർഥം ചീരമുളകും പിന്നീട് കഴിഞ്ഞവർഷം തണ്ണിമത്തനും കൃഷിയിറക്കി. തണ്ണിമത്തൻ കൃഷി വൻവിജയമായതോടെയാണ് ഇത്തവണ പൂകൃഷിയിലേക്ക് തിരിഞ്ഞത്. ആനക്കയം കൃഷി ഓഫിസർ ജൈസൽ ബാബു ആവശ്യമായ തൈകളും വളവും നൽകിയതോടെ സംഗതി കളറായി.
മൂന്നുമാസം കൊണ്ട് പൂവിരിയുകയും വിളവെടുപ്പിന് പാകമാകുകയും ചെയ്തു. വീടിനോട് ചേർന്നുള്ള സ്ഥലത്താണ് കൃഷിയൊരുക്കിയത്.
ഇതിനോട് ചേർന്നുള്ള 20 സെൻറ് സ്ഥലത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലും ചെണ്ടുമല്ലി കൃഷി ചെയ്യുന്നുണ്ട്. കൃഷി ഓഫിസിൽനിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു കൃഷി ചെയ്തതെന്നും യൂസുഫ് പറഞ്ഞു. ചേപ്പൂർ, പന്തല്ലൂർ എന്നിവിടങ്ങളിലായി പയർ, വഴുതന കൃഷിയും യൂസുഫ് ചെയ്യുന്നുണ്ട്. പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കാണാനും ഫോട്ടോയെടുക്കാനുമായി നിരവധി പേരാണ് ഇങ്ങോട്ട് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.