മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗം; എൻ.എച്ച്.എം എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അനുവദിച്ച തീവ്രപരിചരണ വിഭാഗം കെട്ടിടത്തിന്റെ നിർമാണ അളവിൽ വ്യതിയാനം സംബന്ധിച്ച് പരിശോധന നടത്തി.
നാഷനൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) ചീഫ് എൻജിനീയർ പി.എൻ. മിനി, ജില്ല പ്രോഗ്രാം മാനേജർ ഡോ. അനൂപ്, കിറ്റ്കോ എൻജിനീയർ വിവേക് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്തെത്തിയത്. നിർമാണത്തിന്റെ പ്രാഥമിക ഘട്ടത്തിൽതന്നെ പ്രതീക്ഷിച്ചതിലേറെ പ്രവൃത്തി നടത്തേണ്ടിവന്നത് നിർമാണ ചുമതലയുള്ള കിറ്റ്കോ അധികൃതർ എൻ.എച്ച്.എമ്മിന് റിപ്പോർട്ട് ചെയ്തിരുന്നു. എസ്റ്റിമേറ്റിൽ ഉള്ളതിനെക്കാൾ കൂടുതൽ പ്രവൃത്തി ആവശ്യമായാൽ എൻ.എച്ച്.എമ്മിന്റെ അനുമതി ലഭിക്കണം. ഇതോടെയാണ് പരിശോധനക്കായി സംഘം എത്തിയത്.
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പി.എം. ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ മുഖേനയാണ് മെഡിക്കൽ കോളജ് ആശുപത്രിക്ക് തീവ്രപരിചരണ വിഭാഗം അനുവദിച്ചത്. 2025 ജനുവരിയിൽ നിർമാണ പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വേഗത്തിൽ നിർമാണം പൂർത്തീകരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയോട് ചേർന്നുള്ള പൊതുമരാമത്ത് വകുപ്പിന്റെ പഴയ വിശ്രമ കേന്ദ്രം നിലനിൽക്കുന്ന ഭൂമിയിലാണ് പുതിയ ബ്ലോക്ക് പണിയുന്നത്. 64 സെന്റ് ഭൂമിയാണ് ഇവിടെയുള്ളത്. 24 സെന്റിൽ 45,000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള നാലുനില കെട്ടിടമാണ് നിർമിക്കുക. ബാക്കിയുള്ള ഭാഗം വാഹന പാർക്കിങ്ങിന് ക്രമീകരിക്കും. നിർമാണ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. 23.75 കോടി രൂപക്കാണ് ടെൻഡർ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.