മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗം; പ്രവൃത്തി ഈ മാസം തുടങ്ങും
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അനുവദിച്ച തീവ്രപരിചരണ വിഭാഗം കെട്ടിടത്തിന്റെ നിർമാണം ഈ മാസം തുടങ്ങും. നിർമാണത്തിന് നിലം ഒരുക്കലും തൊഴിലാളികൾക്ക് താമസിക്കാനുള്ള സൗകര്യങ്ങളും സജ്ജമായി.
തറക്കല്ലിടാൻ ആരോഗ്യമന്ത്രിയുടെ സമയം കാത്തിരിക്കുകയാണ് അധികൃതർ. ഈ മാസം അവസാനത്തോടെയെങ്കിലും തറക്കല്ലിടണമെന്നാണ് എൻ.എച്ച്.എം കരുതുന്നത്. നിർമാണ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. ഇവർക്ക് കഴിഞ്ഞദിവസം ഭൂമി കൈമാറി. 23.75 കോടി രൂപക്കാണ് ടെൻഡർ നൽകിയത്. ഈ മാസം ശിലാസ്ഥാപനം നടത്തി പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാനാണ് തീരുമാനം. ഒന്നര വർഷത്തിനകം കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. 50 കിടക്കകളാണ് തീവ്രപരിചരണ വിഭാഗത്തിന് അനുവദിച്ചത്. 12 ഐ.സി.യു കിടക്കകളും സജ്ജീകരിക്കും.
ആശുപത്രിയോട് ചേർന്ന് പൊതുമരാമത്ത് വകുപ്പിന്റെ പഴയ വിശ്രമ കേന്ദ്രം നിലനിൽക്കുന്ന ഭൂമിയിലാണ് പുതിയ ബ്ലോക്ക് പണിയുന്നത്. ഇവിടത്തെ മരങ്ങളും കെട്ടിടങ്ങളും പൊളിച്ചുനീക്കി നിർമാണ യോഗ്യമാക്കി. 64 സെന്റ് ഭൂമിയാണ് ഇവിടെയുള്ളത്. 24 സെന്റിൽ 45,000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള നാല് നില കെട്ടിടമാണ് നിർമിക്കുക. ബാക്കി ഭാഗം വാഹന പാർക്കിങ്ങിന് ക്രമീകരിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പി.എം ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ മുഖേനയാണ് ആശുപത്രിക്ക് തീവ്രപരിചരണ വിഭാഗം അനുവദിച്ചത്. പദ്ധതിക്കായി കേന്ദ്ര സർക്കാർ 23.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
17.25 കോടി രൂപ കെട്ടിട നിർമാണത്തിനും ബാക്കി തുക ഉപകരണങ്ങൾ വാങ്ങാനും വിനിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.