മെഡിക്കൽ കോളജ്; ഒ.പി പരിശോധനകൾക്ക് മുടക്കമില്ലെന്ന് ആരോഗ്യവകുപ്പ്
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്പെഷാലിറ്റി വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന ഡോക്ടർമാർ ആരെയും നിലവിൽ സ്ഥലംമാറ്റം നൽകിയിട്ടില്ലെന്നും ഒ.പി പരിശോധനകൾ മുടക്കമില്ലാതെ തുടരുന്നതായും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. ആരോഗ്യവകുപ്പ് നിലവിൽ സ്ഥലംമാറ്റം നൽകിയ 12 പേരിൽ ജനറൽ വിഭാഗം ഡോക്ടർമാർ മാത്രമാണ് ഉൾപ്പെടുന്നതെന്നും വ്യക്തമാക്കി.
ആരോഗ്യമന്ത്രിയുടെ ജില്ലതല സന്ദർശനസമയത്ത് അരീക്കോട് താലൂക്ക് ആശുപത്രി, കൊണ്ടോട്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ അത്യാഹിതവിഭാഗ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനായി ജില്ല മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകിയിരുന്നു. ഇതിനു വേണ്ട ഭൗതികസൗകര്യങ്ങൾ പൂർത്തിയായതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളജിൽനിന്നും ജനറൽ ആശുപത്രിക്ക് കീഴിൽ നിന്നുള്ള 12 അസിസ്റ്റൻറുമാരെ മാറ്റിയത്.
ആരോഗ്യവകുപ്പിന് കീഴിൽ ആശുപത്രിയിൽ 56 ഡോക്ടർമാരും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 62 ജൂനിയർ റെസിഡന്റുമാർ, 44 സീനിയർ റെസിഡന്റുമാർ, 97 അധ്യാപക തസ്തികയിൽ ജോലി ചെയ്യുന്നവർ എന്നിവർ ഉൾപ്പെടെ 200ലധികം ഡോക്ടർമാരും നിലവിൽ ജോലിചെയ്യുന്നുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി പ്രവർത്തനങ്ങൾ പൂർണമായും നടത്തിവരുന്നത് മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ്. അതുകൊണ്ടുതന്നെ സ്ഥലംമാറ്റത്തിന്റെ പേരിൽ ഡോക്ടർമാർ നടത്തിവരുന്ന സമരം മൂലവും ബഹിഷ്കരണം മൂലവും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാസേവനങ്ങളും മറ്റു ആരോഗ്യ സേവനങ്ങളും തടസ്സപ്പെട്ടിട്ടില്ലെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.