മെഡിക്കൽ കോളജിൽ ഒ.പി ടിക്കറ്റിന് ഇനി 10 രൂപ; നിരക്ക് വർധന ഇന്ന് മുതൽ
text_fieldsമഞ്ചേരി: മെഡിക്കൽ കോളജാശുപത്രിയിൽ ഒ.പി, അത്യാഹിത വിഭാഗം, ഐ.പി ചീട്ടുകളുടെ നിരക്ക് വർധിപ്പിച്ചു. തിങ്കളാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്തണമെന്ന് ആശുപത്രി സൂപ്രണ്ട് ജീവനക്കാരെ അറിയിച്ചു. ഒ.പി ചീട്ടിനും അത്യാഹിത വിഭാഗത്തിലെ ചീട്ടിനും 10 രൂപയും കിടത്തിചികിത്സയുടെ രജിസ്ട്രേഷന് 20 രൂപയുമാക്കി. ലാബ്, എക്സ്റേ, സ്കാനിങ് പരിശോധനകൾക്കും 10 രൂപ വീതം വർധിപ്പിക്കും.
കഴിഞ്ഞ മാസം ചേർന്ന ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) യോഗത്തിൽ നിരക്ക് വർധന സംബന്ധിച്ച ചർച്ച നടന്നിരുന്നു. സമിതിയുടെ അധ്യക്ഷനായ ജില്ല കലക്ടറുടെയും ആശുപത്രി സൂപ്രണ്ടിേൻറയും താൽപര്യ പ്രകാരമാണ് അജണ്ടയാക്കിയത്. നിരക്ക് വർധനയെ പല അംഗങ്ങളും എതിർത്തു. പിന്നീട് വിഷയം പഠിക്കാൻ ഉപസമിതിയെ നിയോഗിച്ചു. ഉപസമിതിയാണ് ഇപ്പോൾ നിരക്ക് വർധിപ്പിച്ചത്.
തീരുമാനം ആശുപത്രി വികസന സമിതിയെ അറിയിക്കാതെ നടപ്പാക്കാനാണ് ശ്രമം നടക്കുന്നത്. എന്നാൽ, തിങ്കളാഴ്ച മുതൽ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഉത്തരവിറക്കിയിട്ടുണ്ട്. സാധാരണക്കാരന്റെ മേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കുന്ന നടപടിയാണ് നിരക്ക് വർധന. എച്ച്.ഡി.എസിന് കീഴിൽ 500 ലധികം താൽക്കാലിക ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് ശമ്പളം നൽകാൻ മാത്രം മാസം ഒരു കോടിയോളം രൂപ വേണം. പലപ്പോഴും സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം മുടങ്ങാറുണ്ട്. ഇതോടെയാണ് നിരക്ക് വർധിപ്പിച്ച് ആശുപത്രിയുടെ വരുമാനം കൂട്ടാൻ തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.