മെഡിക്കൽ കോളജ് വൈറോളജി ലാബ് നടപടി വേഗത്തിലാക്കും
text_fieldsമഞ്ചേരി: ഗവ. മെഡിക്കല്‍ കോളജിൽ വൈറോളജി ലാബ് സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. ലാബിലേക്കുള്ള ജീവനക്കാരെ നിയമിക്കാനുള്ള അഭിമുഖം ആരംഭിച്ചു. ഏഴ് തസ്തികകളാണുള്ളത്. മൈക്രോബയോളജി വിഭാഗത്തിന് കീഴിലുള്ള ലാബിലേക്ക് സയന്റിസ്റ്റ് മെഡിക്കല്‍ ആന്‍ഡ് നോണ്‍ മെഡിക്കല്‍, റിസര്‍ച് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന്, ഡേറ്റ എന്‍ട്രി ഓപറേറ്റര്‍, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് എന്നിവരെയാണ് നിയമിക്കുക. തുടർന്ന് ജീവനക്കാരുടെ നേതൃത്വത്തിൽ ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങും. ഐ.സി.എം.ആറിന്റെ നിർദേശം പാലിച്ചായിരിക്കും ഇത്. അക്കാദമിക കെട്ടിടത്തില്‍ സജ്ജമാക്കിയ പി.സി.ആര് ലാബിനോട് ചേര്‍ന്നാണ് വൈറോളജി ലാബിനായി സൗകര്യം ഒരുക്കുക. പി.സി.ആര് ലാബിന് എതിര്‍വശങ്ങളിലുള്ള ക്ലാസ് മുറികളും അനുബന്ധ മുറികളും പൊളിച്ചുനീക്കും. സിവിൽ, ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യാനായി പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. ലാബിനായി 1.96 കോടി രൂപ കേന്ദ്ര സർക്കാർ നേരത്തേ അനുവദിച്ചിരുന്നു. ആദ്യ അഞ്ച് വർഷം ഐ.സി.എം.ആറിന്റെ നേതൃത്വത്തിലായിരിക്കും ലാബിന്റെ പ്രവർത്തനം. ഒരുമാസത്തിനുള്ളിൽ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം. വൈറോളജി ലാബ് സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി നേരത്തേ സ്ഥലം സന്ദര്‍ശിച്ചിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രഫ. ഡോ. അനിത, തൃശൂർ മെഡിക്കൽ കോളജിലെ അസോസിയേറ്റ് പ്രഫ. ഡോ. സുജാത എന്നിവരടങ്ങുന്ന സംഘമാണ് ആശുപത്രിയിൽ എത്തിയത്. സംശയകരമായ വൈറസുകളുടെ പരിശോധനക്ക് നിലവിൽ ആലപ്പുഴ, പുണെ വൈറോളജി ലാബിലേക്കാണ് സാമ്പിൾ ശേഖരിച്ച് അയക്കുന്നത്. പുതിയ ലാബ് ഒരുങ്ങുന്നതോടെ നിപ്പ, മങ്കിപ്പനി പോലുള്ള മാരക രോഗങ്ങളുടെ വൈറസ് നിർണയം ജില്ലയിൽ സാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.