കളിക്കോട്ടയുടെ പടിയും കടന്ന് പയ്യെ നാടുണരുന്നു
text_fieldsമൊഞ്ചായി സ്റ്റേഡിയം
മഞ്ചേരി: ജില്ലയിലെത്തന്നെ മികച്ച മൈതാനമായി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അംഗീകരിച്ച പയ്യനാട് സ്റ്റേഡിയം സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് ഒരുങ്ങി. അവസാനവട്ട മിനുക്കുപണിയിലാണ് സ്റ്റേഡിയം. പ്രവർത്തനങ്ങൾ വിലയിരുത്താൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ സ്റ്റേഡിയം സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് മന്ത്രി എത്തിയത്. സ്റ്റേഡിയത്തിലെ പുല്ലും ഗാലറിയും വെളിച്ച സംവിധാനവും മന്ത്രി വിലയിരുത്തി. സന്ദര്‍ശന സമയത്ത് എ.ഐ.എഫ്.എഫ് കോംപറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വറിനോട് ചാമ്പ്യന്‍ഷിപ്പിെൻറ വേദികളുടെ പ്രവൃത്തികളെ കുറിച്ച് മന്ത്രി ചോദിച്ചു. സ്റ്റേഡിയത്തില്‍ ഇതുവരെ നടത്തിയ പ്രവൃത്തികളില്‍ തൃപ്തി അറിയിച്ച രാഹുല്‍ പരേശ്വര്‍ സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നെന്നും കൂട്ടിച്ചേര്‍ത്തു. താരങ്ങള്‍ക്കും ഒഫിഷ്യല്‍സിനും ഒരുക്കിയ താമസസൗകര്യം, വാഹനസൗഹകര്യം എന്നിവയും പരിശോധിച്ചെന്നും താന്‍ പൂര്‍ണ തൃപ്തനാണെന്നും രാഹുല്‍ അറിയിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്നും മത്സരങ്ങളെ വരവേൽക്കാൻ സ്റ്റേഡിയം പൂർണ സജ്ജമായതായും മന്ത്രി പറഞ്ഞു. ഫുട്ബാളിെൻറ മക്കയായ മലപ്പുറം ആദ്യമായി സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയാകുമ്പോൾ ജനങ്ങളും ആവേശത്തിലാണ്. സ്റ്റേഡിയത്തിൽ വരുംവർഷങ്ങളിലും മികച്ച മത്സരങ്ങൾ നടത്താൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, ഇവന്റ് കോഓഡിനേറ്റര്‍ യു. ഷറഫലി, ഡിവൈ.എസ്.പി കെ.എം. ബിജു, കായിക വകുപ്പ് മന്ത്രിയുടെ പ്രതിനിധികളായ കെ.പി. അനില്‍, പി. ജനാര്ദനന്, എക്സിക്യൂട്ടിവ് അംഗങ്ങളായ കെ. അബ്ദുല്‍ നാസര്‍, ഋഷികേശ് കുമാര്‍, മറ്റു ജനപ്രതിനിധികള്‍, സംഘാടക സമിതി അംഗങ്ങള്‍, കായിക പ്രേമികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖം മിനുക്കി പയ്യനാട്
മഞ്ചേരി: ഇന്ത്യൻ ഫുട്ബാളിന്റെ ലോകകപ്പായ സന്തോഷ് ട്രോഫിയുടെ 75ാമത് പതിപ്പിന് ജില്ല വേദിയാകുമ്പോൾ മികച്ച സൗകര്യങ്ങളാണ് ജില്ലയിൽ ഒരുക്കിയത്. മത്സരങ്ങൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മൈതാനമാണ് സജ്ജമാക്കിയത്. മികച്ച ഫ്ലഡ് ലൈറ്റ് സംവിധാനവും മത്സരങ്ങൾക്ക് മാറ്റുകൂട്ടും. 1200 ലെഗ്സസ് പ്രകാശതീവ്രതയുള്ള ലൈറ്റ് 2000 ലെഗ്സസാക്കി ഉയർത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇവ ടെസ്റ്റ് നടത്തുകയും ചെയ്തു. കാണികൾക്കായുള്ള ഇരിപ്പിടം പെയിന്റ് അടിച്ച് നവീകരിച്ചു. സ്റ്റേഡിയത്തിെൻറ മുൻഭാഗത്തുള്ള പെയിന്റ് ജോലികളും പുരോഗമിക്കുന്നു. കോട്ടപ്പടി മൈതാനവും മത്സരങ്ങൾക്ക് സജ്ജമാണ്. കോട്ടപ്പടിയിൽ വൈകീട്ട് നാലിനും പയ്യനാട് രാത്രി എട്ടിനുമായാണ് മത്സരങ്ങൾ. ജില്ലയിലെ സെവൻസ് മൈതാനങ്ങളിലേക്ക് ഒഴുകിയെത്തുന്ന കാണികൾ രണ്ട് സ്റ്റേഡിയങ്ങളിലേക്കുമായി ഒഴുകിയെത്തിയാൽ ആദ്യമായി ആതിഥേയത്വം വഹിച്ച സന്തോഷ് ട്രോഫി ചരിത്രത്തിൽ ഇടംനേടുമെന്ന് ഉറപ്പാണ്. 2014ൽ പയ്യനാട് നടന്ന ഫെഡറേഷൻ കപ്പിെൻറ ഗാലറി ചിത്രങ്ങൾ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികളെയും അത്ഭുതപ്പെടുത്തി. ഈ ആരവം തിരിച്ചെത്തിയാൽ ടിക്കറ്റ് വിൽപനയിലൂടെയും സംഘാടകർക്ക് മികച്ച വരുമാനമാകും ലഭിക്കുക. സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിലാകും ടിക്കറ്റ് നിരക്കെന്ന മന്ത്രിയുടെ പ്രഖ്യാപനവും പ്രതീക്ഷ നൽകുന്നു.
കാണികൾക്ക് സ്റ്റേഡിയത്തിലെത്താൻ 'ആനവണ്ടി'യും
മഞ്ചേരി: ഫുട്ബാളിനെ നെഞ്ചേറ്റുന്ന ജനതയെ ഗാലറിയിൽ എത്തിക്കാൻ ആനവണ്ടിയും സർവിസ് നടത്തും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി കായികമന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. നിലമ്പൂർ, തിരൂർ, വണ്ടൂർ, അരീക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവിസ് നടത്താനാണ് ആലോചന.
രാത്രി മത്സരം നടക്കുന്നതുകൊണ്ട് മത്സരശേഷം ആരാധകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ തിരിച്ചെത്താന്‍ വേണ്ടിയാണ് സൗകര്യം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി ഗതാഗതക്കുരുക്കിനും പരിഹാരം കാണാനാകും. സ്റ്റേഡിയത്തിലേക്കുള്ള റോഡുകളിൽ ചിലത് പൊലീസുമായി ആലോചിച്ച് വൺവേ സംവിധാനം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കാണികളെ പ്രവേശിപ്പിക്കുന്നതിൽ ഒരു നിയന്ത്രണവും ഉണ്ടാവില്ല. 60 കഴിഞ്ഞവർ മാസ്ക് ധരിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.