അടങ്ങാതെ ദുരിതം; ഏറനാട് താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾക്ക് 40 കെട്ടിടങ്ങൾ സജ്ജമാക്കി
text_fieldsമഞ്ചേരി: കാലവർഷം ശക്തമായതോടെ മുന്നൊരുക്കങ്ങളുമായി ഏറനാട് താലൂക്ക്. തഹസിൽദാറുടെ നേതൃത്വത്തിൽ കർമ പദ്ധതികൾക്ക് രൂപം നൽകി. ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കാനുള്ള 40 കെട്ടിടങ്ങൾ സജ്ജമാക്കി. 2018ലെ പ്രളയത്തിലും ഉരുൾപൊട്ടലിലും ഏഴ് പേർ മരിച്ച ഊർങ്ങാട്ടിരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ കണ്ടെത്തിയത്.
അഞ്ച് കെട്ടിടങ്ങളാണ് ഇവിടെ കണ്ടെത്തിയത്. അരീക്കോട് വില്ലേജിൽ നാലും കീഴുപറമ്പ്, പൂക്കോട്ടൂർ, പന്തല്ലൂർ വില്ലേജിൽ മൂന്നും വീതം കെട്ടിടങ്ങൾ ഒരുക്കി. എടവണ്ണ, എളങ്കൂർ, ചെമ്പ്രശ്ശേരി, തൃക്കലങ്ങോട്, കാരക്കുന്ന്, നറുകര, മേൽമുറി, പയ്യനാട്, പെരകമണ്ണ വില്ലേജുകളിൽ ഒന്ന് വീതം ക്യാമ്പുകൾക്കും കെട്ടിടങ്ങൾ കണ്ടെത്തി. ആനക്കയം, പാണക്കാട്, മലപ്പുറം, മഞ്ചേരി, കാവനൂർ, പുൽപറ്റ വില്ലേജുകളിൽ രണ്ട് വീതം കെട്ടിടങ്ങളുമാണ് ആദ്യഘട്ടത്തിൽ ഒരുക്കിയത്. സ്കൂൾ, മദ്റസ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയങ്ങൾ, അംഗനവാടി തുടങ്ങിയ കെട്ടിടങ്ങളാണ് ഇതിനായി കണ്ടത്തിയത്.
അടിയന്തര സാഹചര്യം ഉണ്ടായാൽ കൂടുതൽ ക്യാമ്പുകൾ ഒരുക്കാൻ സ്ഥലങ്ങൾ കണ്ടെത്തിയതായി ഏറനാട് താലൂക്ക് അധികൃതർ പറഞ്ഞു. മുൻവർഷങ്ങളിൽ പ്രളയത്തെയും ഉരുൾപൊട്ടലിനെയും നേരിട്ട മാതൃകയിൽ മുൻകരുതലും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ താലൂക്ക് ഓഫിസിൽ കൺട്രോൾ റൂം പ്രവർത്തിച്ചു വരുവന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണിത്. താലൂക്കുതല ഇൻസിഡന്റ് റസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനവും ഉണ്ടാകും. വെള്ളപ്പൊക്ക ഭീഷണിയും ഉരുൾപൊട്ടൽ സാധ്യതയും ഉണ്ടായാൽ ദുരിതബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.