ഹരിതം സുന്ദരം; മാറ്റത്തിനൊരുങ്ങി മുട്ടിപ്പാലം
text_fieldsമഞ്ചേരി: വൃത്തിയുള്ള ഇടങ്ങളാണ് ഏതൊരു നഗരത്തെയും വ്യത്യസ്തമാക്കുന്നത്. ആ മാറ്റത്തിലേക്ക് പതിയെ ചുവടുവെക്കുകയാണ് മഞ്ചേരി നഗരസഭയിലെ അതിർത്തിപ്രദേശമായ മുട്ടിപ്പാലം അങ്ങാടി. പൊതുജനപങ്കാളിത്തത്തോടെ മുട്ടിപ്പാലത്തെ ‘ഹരിത അങ്ങാടി’യായി മാറ്റിയെടുക്കുകയാണ് ചെയർപേഴ്സൻ വി.എം. സുബൈദയുടെ നേതൃത്വത്തിലുള്ള ഭരണസമിതി.
മുട്ടിപ്പാലത്തെ വ്യാപാരികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ് അംഗങ്ങൾ, പൊതുപ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവരെ ഒപ്പം നിർത്തിയാണ് ജനകീയമായി മുട്ടിപ്പാലത്തിന് പുതിയ മുഖം നൽകുന്നത്. ഇതിന്റെ ആദ്യഘട്ടമായി നാട്ടുകാരെ ഉൾപ്പെടുത്തി വിപുലമായി യോഗം വിളിച്ചുചേർത്തു. പിന്നീട് ജനകീയ കമ്മിറ്റിക്ക് രൂപം നൽകി. മാലിന്യമുക്തം നവകേരളം-ജനകീയ കാമ്പയിനിന്റെ ഭാഗമായി നഗരസഭയിലെ അങ്ങാടികൾ ഹരിത അങ്ങാടികളാക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടമെന്നോണം മുട്ടിപ്പാലത്തെ തിരഞ്ഞെടുത്തത്.
മലപ്പുറം ഭാഗത്തുനിന്ന് വരുന്നവർ മഞ്ചേരി നഗരസഭയിലേക്ക് പ്രവേശിക്കുന്ന അതിർത്തി പ്രദേശംകൂടിയാണ് മുട്ടിപ്പാലം.
സുൽത്താൻ ബത്തേരി മാതൃക മഞ്ചേരിയിലേക്കും
വയനാട്ടിലൂടെ കടന്നുപോകുന്നവർക്ക് സുൽത്താൻ ബത്തേരി എത്തിയെന്ന് തിരിച്ചറിയാൻ പ്രയാസമുണ്ടാകില്ല. ആദ്യ കാഴ്ചയില്‍തന്നെ യാത്രക്കാർ ഈ നഗരത്തെ തിരിച്ചറിയും. മാലിന്യസംസ്കരണ രംഗത്ത് വ്യത്യസ്ത പ്രവർത്തനങ്ങളും നഗരത്തെ ശുചിത്വ നഗരമായി പരിപാലിക്കാനും സുൽത്താൻ ബത്തേരി നഗരസഭയുടെ പ്രവർത്തനം സംസ്ഥാനമൊട്ടാകെ ചർച്ചയാണ്.
നഗരയിടങ്ങളിലെ പൊതുസ്ഥലത്ത് തുപ്പുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കേരളത്തിലെ ഏകനഗരംകൂടിയാണ് സുൽത്താൻ ബത്തേരി. അലക്ഷ്യമായൊരു കടലാസ് കഷണംപോലും നേരം പുലര്‍ന്ന് ഇരുട്ടുന്നതുവരെയും ഈ നഗരത്തിന്റെ ഒരു കോണിലും വീഴില്ല. ഈ ഒരു മാതൃകയാണ് മുട്ടിപ്പാലത്തും നടപ്പാക്കാൻ നഗരസഭ ശ്രമിക്കുന്നത്.
ഇതിന് പൊതുജന പങ്കാളിത്തവും അനിവാര്യമാണ് എന്നതിൽ തർക്കമില്ല. മുട്ടിപ്പാലം മുതൽ 22ാം മൈൽ വരെ 200 മീറ്റർ ദൂരം മനോഹരമാക്കുകയാണ് ലക്ഷ്യം.
മനോഹരം മുട്ടിപ്പാലം
സുൽത്താൻ ബത്തേരി മോഡൽ പഠിക്കാൻ നഗരസഭ ഭരണസമിതിയും ആരോഗ്യവിഭാഗം ജീവനക്കാരും ബത്തേരി സന്ദർശിച്ചിരുന്നു. അവിടെനിന്ന് പാഠം ഉൾക്കൊണ്ടാണ് നഗരസഭ ആരോഗ്യവിഭാഗം സ്ഥിരം സമിതി അധ്യക്ഷൻ റഹീം പുതുക്കൊള്ളിയുടെ നേതൃത്വത്തിൽ മുട്ടിപ്പാലത്തെ മനോഹരമാക്കാൻ മുന്നിട്ടിറങ്ങിയത്. ക്ലീൻ സിറ്റി മാനേജർ ജെ.എ. നുജൂമിന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗത്തിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരും പൂർണ പിന്തുണ നൽകിയതോടെ പദ്ധതി വിജയകരമായി മുന്നേറുന്നു.
മുട്ടിപ്പാലത്തെ വ്യാപാരികളെല്ലാം ആദ്യഘട്ടത്തില്‍തന്നെ സഹകരിക്കാമെന്ന് ഉറപ്പുനല്‍കി. കടകളില്‍നിന്നുള്ള ഒരു തുണ്ട് കടലാസ് മാലിന്യം പോലും റോഡിലേക്കോ ഫുട്പാത്തിലേക്കോ വീഴില്ലെന്ന് ഇവര്‍ നഗരസഭക്ക് ഉറപ്പുനല്‍കി. മാലിന്യം തള്ളാനുള്ള ചെറിയ ബിന്നുകളും വ്യാപാരികളുടെ നേതൃത്വത്തിൽ സ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
പദ്ധതി വിജയകരമായി പൂർത്തിയാക്കിയാൽ രണ്ടാംഘട്ടമെന്ന നിലയിൽ മറ്റു സ്ഥലങ്ങളെക്കൂടി മനോഹരമാക്കിയെടുക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.