തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണത്തിന് പുതിയ സംവിധാനം
text_fieldsമഞ്ചേരി: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യം സംസ്കരിക്കാൻ പുതിയ സംവിധാനം ഒരുങ്ങുന്നു. ഖരമാലിന്യത്തിൽനിന്ന് ഇന്ധനം നിർമിക്കാനാവുന്ന ആർ.ഡി.എഫ് (റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ) പ്ലാന്റാണ് ജില്ലയിലെ മാലിന്യ സംസ്കരണത്തിന് മികച്ച മാതൃകയാകാനൊരുങ്ങുന്നത്. 33 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പുനരുൽപാദനവും പുനരുപയോഗവും സാധ്യമല്ലാത്ത മാലിന്യങ്ങൾ ഇനി സിമന്റ് ഫാക്ടറികളിൽ ഇന്ധനമാകും.
തൃക്കലങ്ങോട് പഞ്ചായത്തിലെ പുലത്താണ് ഇതിന് സൗകര്യമൊരുങ്ങുന്നത്. ഒരേക്കർ സ്ഥലത്താണ് ആധുനിക രീതിയിലുള്ള പ്ലാന്റൊരുക്കിയത്. കോഴിക്കോട് ആസ്ഥാനമായ ഗ്രീൻ വേംസ് കമ്പനിയാണ് പുതിയ ആശയത്തിന് പിന്നിൽ. ഹരിത കർമ സേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം തരം തിരിച്ച് ഏജൻസികൾ മുഖേന കയറ്റി അയക്കുകയാണ് സാധാരണ നിലയിൽ ചെയ്തുവരുന്നത്. ഇങ്ങനെ കേരളത്തിൽനിന്ന് കൊണ്ടുപോകുന്ന പുനരുപയോഗം സാധ്യമല്ലാത്ത മാലിന്യങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ കെട്ടിക്കിടക്കുകയാണ്. പുതിയ ആർ.ഡി.എഫ് പ്ലാന്റിലൂടെ ഇത്തരം മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ സാധിക്കും. ഇന്ധനം ഉത്പാദിപ്പിച്ച് സിമന്റ് ഫാക്ടറികൾ, വൈദ്യുതി ഉത്പാദന പ്ലാന്റുകൾ എന്നിവക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി.
പുനരുപയോഗിക്കാനാവാത്ത മാലിന്യങ്ങളാണ് ഉയർന്ന താപനിലയിൽ സംസ്കരിച്ച് ഇന്ധനമാക്കുന്നത്. പ്ലാസ്റ്റിക്, തെർമോക്കോൾ, സാനിറ്ററി നാപ്കിൻ തുടങ്ങി സംസ്കരിക്കാൻ ബുദ്ധിമുട്ടുള്ള മാലിന്യങ്ങളെല്ലാം ശാസ്ത്രീയമായി സംസ്കരിക്കാനാവും. ഹരിതകർമസേന ശേഖരിച്ച് നൽകുന്ന ഖരമാലിന്യത്തിന്റെ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ജില്ലയിൽ 33 തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യമാണ് ആദ്യ ഘട്ടത്തിൽ ആർ.ഡി.എഫ് യൂനിറ്റിലെത്തിക്കുക. ചാലിയാർ, പോത്തുകല്ല്, അമരമ്പലം, ചോക്കാട്, പോരൂർ, കരുവാരക്കുണ്ട്, വെട്ടത്തൂർ, പുൽപറ്റ, കീഴുപറമ്പ്, കാവനൂർ, അരീക്കോട്, മുതുവല്ലൂർ, കുഴിമണ്ണ, ഊർങ്ങാട്ടിരി, ചെറുകാവ്, മേലാറ്റൂർ, ചുങ്കത്തറ, പള്ളിക്കൽ, പെരുവള്ളൂർ, ആനക്കയം, വളവന്നൂർ, നന്നമ്പ്ര, വള്ളിക്കുന്ന്, ഊരകം, വേങ്ങര, കുറുവ, തിരുനാവായ, മംഗലം, തേഞ്ഞിപ്പലം, കുറ്റിപ്പുറം, മൂന്നിയൂർ, മമ്പാട്, എടപ്പറ്റ എന്നീ പഞ്ചായത്തുകൾ ഇതിനകം കമ്പനിയുമായി കരാറിലേർപ്പെട്ടു. ജില്ലയിലെ 70 പഞ്ചായത്തുകളിലെയും ഒരുമാസത്തെ മാലിന്യം പ്ലാന്റിൽ എത്തിച്ച് സംസ്കരിക്കാൻ സാധിക്കുന്ന തരത്തിലാണ് പ്ലാന്റ് സജ്ജമാക്കിയതെന്ന് ഗ്രീൻ വേംസ് ഡയറക്ടർ സി.കെ.എ. ഷമീർ ബാവ, ഓപറേഷൻ മാനേജർ ശ്രീരാഗ് കുറുവാട്, റീജയനൽ ഹെഡ് നിതിൻ മോഹൻ എന്നിവർ പറഞ്ഞു.
പ്രതിമാസം ശരാശരി 5,000 ടൺ പ്ലാസ്റ്റിക് മാലിന്യമെങ്കിലും സംസ്കരിക്കാം. 40 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പ്ലാന്റ് ബുധനാഴ്ച രാവിലെ ഒമ്പതിന് ജില്ല കലക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്യും. ഗ്രീൻ വേംസ് സി.ഇ.ഒ ജാബിർ കാരാട്ട് അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.