സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഹാട്രിക് തിളക്കവുമായി നിദ ഫഹ്മ
text_fieldsമഞ്ചേരി: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹാട്രിക് നേട്ടവുമായി തൃക്കലങ്ങോട് ഹാജിയാർപടി സ്വദേശിനി നിദ ഫഹ്മ. ഹൈസ്കൂൾ വിഭാഗം വർക്ക് എക്സ്പീരിയൻസ് ബീഡ്സ് വർക്ക് വിഭാഗത്തിലാണ് തുടർച്ചയായ മൂന്നാം വർഷവും എ ഗ്രേഡ് കരസ്ഥമാക്കിയത്. ആലപ്പുഴയിൽ നടന്ന മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന ശാസ്ത്രോത്സവത്തിൽ എ ഗ്രേഡോടെ സെക്കന്റുമാണ് ലഭിച്ചത്. 2022ൽ എറണാകുളത്ത് വെച്ച് മത്സരത്തിൽ എ ഗ്രേഡും ലഭിച്ചു.
കോവിഡ് കാലത്തെ വിരസതകൾ ഒഴിവാക്കുന്നതിനായാണ് നിദ മുത്തുകൊണ്ടുള്ള നിർമാണ പ്രവർത്തനം ആരംഭിച്ചത്. കാരക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് അധ്യാപിക ജംഷീന പൂർണ പിന്തുണ നൽകിയതോടെ കരവിരുതിൽ വിസ്മയങ്ങൾ വിരിഞ്ഞു. ഇത്തവണ മുത്തുകൾ ഉപയോഗിച്ച് മാലയും മാലക്ക് ചേരുന്ന ഡിസൈനിൽ കമ്മൽ സെറ്റും ബ്രേയ്സലറ്റും നിർമിക്കാനായിരുന്നു മത്സരം. നിമിഷ നേരം കൊണ്ട് മനോഹരമായ മാലയും മറ്റും തയാറാക്കി നിദ എ ഗ്രേഡ് കരസ്ഥമാക്കി. കാരക്കുന്ന് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. പൂളഞ്ചേരി ലത്തീഫ് -നസീമ ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.