കച്ചേരിപ്പടി സ്റ്റാൻഡിൽ ആളനക്കമില്ല; വാടക നൽകാൻ യാചന സമരവുമായി വ്യാപാരി
text_fieldsമഞ്ചേരി: കച്ചേരിപ്പടി ഇന്ദിര ഗാന്ധി ബസ് ടെർമിനൽ സജീവമാക്കാൻ നഗരത്തിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരം വിജയിക്കാതെ വന്നതോടെ പ്രതിസന്ധിയിലായി വ്യാപാരികൾ. വാടക നൽകാൻ സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരിയായ മുള്ളമ്പാറ സ്വദേശി ചേലാത്തടൻ അബ്ദുറഹ്മാൻ (56) സ്വന്തം കടക്ക് മുന്നിൽ യാചന സമരം നടത്തി. 2009ലാണ് ഇദ്ദേഹം മുറി വാടകക്കെടുത്തത്. 15.2 ലക്ഷം രൂപ അഡ്വാൻസായി നഗരസഭയിൽ കെട്ടിവെച്ചു. വീടിെൻറ ആധാരം ബാങ്കിൽ പണയപ്പെടുത്തിയും കടം വാങ്ങിയുമാണ് പണം നൽകിയത്. മാസം 7000 രൂപ വാടകയും നൽകണം. ചെറിയ ഭക്ഷണശാലയായിരുന്നു നടത്തി വന്നിരുന്നത്. ബസ് സ്റ്റാൻഡിൽ ആളനക്കമില്ലാതായതോടെ കച്ചവടവും കുറഞ്ഞു. മൂന്നുമാസം മാത്രമാണ് നല്ലരീതിയിൽ കച്ചവടം നടത്തിയത്. ഇത്രയും വർഷത്തിനിടയിൽ 25ലധികം തവണ ഗതാഗത പരിഷ്കാരം നടപ്പാക്കി. എന്നാൽ, ഇതൊന്നും വിജയിച്ചില്ല.
കോവിഡ് പ്രതിസന്ധിയിൽ ഒരു വർഷത്തിലേറെയായി സ്ഥാപനം പൂട്ടിക്കിടക്കുകയാണ്. എന്നാൽ, വാടകക്ക് മാത്രം മുടക്കമില്ല. 75 ശതമാനം അംഗപരിമിതിയുള്ള ഇദ്ദേഹം തനിക്ക് ലഭിക്കുന്ന പെൻഷൻ പോലും വാടകയായി അടക്കേണ്ട ഗതികേടിലാണ്. ഇതോടെയാണ് യാചന സമരവുമായി രംഗത്തെത്തിയത്. വാടക ഒഴിവാക്കിത്തരണമെന്നും വർഷത്തിലുള്ള വാടക വർധന പിൻവലിക്കണമെന്നും അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു.
ആഗസ്റ്റ് ഒന്ന് മുതൽ വീണ്ടും ഗതാഗത പരിഷ്കാരം നടപ്പാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ബസുകൾ ഈ സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന രീതിയിലാണ് പുതിയ പരിഷ്കാരം. ഇത്തവണയെങ്കിലും സ്റ്റാൻഡ് സജീവമാകുമോ എന്നാണ് ഇവിടത്തെ വ്യാപാരികൾ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.