നഴ്സിങ് കോളജിന് സ്വന്തം കെട്ടിടം: നടപടി വൈകുന്നു
text_fieldsമഞ്ചേരി: ഗവ. നഴ്സിങ് കോളജിന് കെട്ടിടം നിർമിക്കാനുള്ള നടപടികൾ വൈകുന്നു. കോളജ് പ്രവർത്തനം തുടങ്ങി മൂന്ന് വർഷമായിട്ടും സ്വന്തം കെട്ടിടമായില്ല. ചെരണിയിൽ ആരോഗ്യ വകുപ്പിന്റെ 3.99 ഏക്കർ സ്ഥലത്താണ് ഗവ. നഴ്സിങ് കോളജ്, നഴ്സിങ് സ്കൂൾ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്.
നിർദിഷ്ട കെട്ടിട സമുച്ചയം ചെരണിയിലെ സ്ഥലത്ത് നിർമിക്കാൻ എൻവിയറോൺമെന്റൽ എൻജിനീയറിങ് സെല്ലിന്റെ ക്ലിയറൻസ് വൈകുന്നതാണ് നിലവിലെ തടസ്സം. നഴ്സിങ് കോളജിനും നഴ്സിങ് സ്കൂളിനും ആരോഗ്യ വകുപ്പിന്റെ ചെരണിയിലെ സ്ഥലത്ത് കെട്ടിടം നിർമിക്കാനായിരുന്നു പദ്ധതി. ചെരിവുള്ള സ്ഥലമായതിനാൽ ആർക്കിടെക്ചറൽ വിഭാഗം മറ്റൊരു സ്ഥലം കണ്ടെത്താൻ നിർദേശം നൽകി.
സ്ഥലം പരിഗണിക്കുകയാണെങ്കിൽ ജിയോളജി വകുപ്പിന്റെയും എൻവയറോൺമെന്റൽ എൻജിനീയറിങ് സെല്ലിന്റെയും അനുമതിക്ക് നിർദേശിക്കുകയും ചെയ്തു. ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചെങ്കിലും എൻവയറോൺമെന്റൽ എൻജിനീയറിങ് സെല്ലിന്റെ ക്ലിയറൻസ് ലഭിച്ചില്ല. കെട്ടിടത്തിന് നേരത്തെ 14 കോടിയുടെ ഭരണാനുമതിയായെങ്കിലും നടപടി വൈകുകയാണ്.
മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. നഴ്സിങ് കോളജും സ്കൂളും ചെരണിയിലേക്ക് മാറ്റാൻ 2023 ജൂലൈ 25നാണ് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. തൊട്ടടുത്ത മാസം ഡി.എം.ഇ സംഘം ചെരണിയിലെത്തി സ്ഥലം പരിശോധിക്കുകയും ചെയ്തു. അക്കാദമിക് ബ്ലോക്ക്, ക്വാർട്ടേഴ്സ്, ഓഫിസുകൾ, ഹോസ്റ്റൽ ഉൾപ്പെടെ മൂന്നുനില കെട്ടിടമാണ് വിഭാവനം ചെയ്തത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് പ്ലാൻ തയാറാക്കിയത്.
മെഡിക്കൽ കോളജ് കാമ്പസിൽ പരിമിതമായ സ്ഥലത്താണ് നിലവിൽ നഴ്സിങ് കോളജ് പ്രവർത്തനം. മെഡിക്കൽ കോളജിന്റെ കെട്ടിട സൗകര്യം പ്രയോജനപ്പെടുത്തിയാണ് വിദ്യാർഥികൾ പഠിക്കുന്നത്. മെഡിക്കൽ കോളജ് തന്നെ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുമ്പോഴാണ് കോളജിനകത്ത് നഴ്സിങ് കോളജിന്റെ കൂടി പ്രവർത്തനം. നഴ്സിങ് സ്കൂളിന് സ്വന്തം കെട്ടിടം ഉണ്ടെങ്കിലും കാലപ്പഴക്കം കൊണ്ട് ജീർണിച്ചതാണ്. പുതിയ കെട്ടിടത്തിന് വർഷങ്ങൾക്ക് മുമ്പേ ശ്രമം തുടങ്ങിയതാണ് സ്കൂൾ അധികൃതർ. 2021ലെ ബജറ്റിലാണ് മഞ്ചേരിയിൽ നഴ്സിങ് കോളജ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.