വെയിലേറ്റ്വാടാതെ...
text_fieldsമഞ്ചേരി: വോട്ടുറപ്പിക്കുന്നതിനോടൊപ്പം മീനമാസത്തെ ചൂടിനെയും തോൽപിക്കണം. അതുമാത്രം പോരാ, വെയിലേറ്റ് വാടാതെ നോക്കണം. പ്രചാരണത്തിരക്കിൽ സ്ഥാനാർഥികൾക്ക് തലവേദന സൃഷ്ടിക്കുന്നത് ഈ കാലാവസ്ഥതന്നെയാണ്. ഓരോ സ്ഥാനാർഥിയും കാലാവസ്ഥക്കനുസരിച്ചാണ് അതത് ദിവസത്തെ ഷെഡ്യൂൾ തയാറാക്കുന്നത്. ചൂട് മറികടക്കാൻ ഓരോരുത്തരും വെള്ളവും പഴങ്ങളും മറ്റും വാഹനങ്ങളിൽ കരുതിയാണ് പ്രചാരണം ആരംഭിക്കുന്നത്.
രാവിലെ ഏഴരയോടെത്തന്നെ സ്ഥാനാർഥികൾ പ്രചാരണത്തിരക്കിലേക്ക് കടക്കും. മണ്ഡലപരിധിയിലെ അതത് തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർമാരെ കാണും. ചെറുകവലകളിലും ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങി മിക്കയിടങ്ങളിലും എത്തി വോട്ടർമാരുടെ പിന്തുണ തേടും. സൂര്യൻ ചൂടാവുന്നതിന് തൊട്ടുമുമ്പ് കൂടണയും. ഇതിനിടെ പ്രചാരണത്തിന് തണുപ്പേകാൻ വീടുകളിൽ നിന്ന് ലൈം, മോരുവെള്ളം, പഴങ്ങൾ എന്നിവയും ലഭിക്കും. പരമാവധി വെള്ളം കുടിച്ച് ശരീരത്തെ തണുപ്പിച്ച് നിർത്തും. ഉച്ചക്ക് 12ന് ശേഷം വിശ്രമ സമയം. എന്നാൽ, വെറുതെ ഇരിക്കാൻ തയാറല്ല സ്ഥാനാർഥികൾ.
ഫോണിൽ ബന്ധപ്പെട്ട് പ്രമുഖ വ്യക്തികളുടെ പിന്തുണ തേടും. മത, സാമൂഹിക, രാഷ്ട്രീയ രംഗത്തുള്ളവരെയെല്ലാം വിളിച്ച് പിന്തുണ അഭ്യർഥിക്കും. അതത് പഞ്ചായത്ത് കമ്മിറ്റികൾ ബന്ധപ്പെടേണ്ടവരുടെ ലിസ്റ്റ് തയാറാക്കി നൽകും. പിന്നീട് മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുമായി കൂടിയാലോചിച്ച് പര്യടനത്തിെൻറ അവലോകനം നടത്തും. ഉച്ചക്ക് മൂന്നിന് ശേഷം വീണ്ടും പ്രചാരണം ആരംഭിക്കും. കൺവെൻഷനുകൾ, മറ്റു യോഗങ്ങൾ, സംഗമങ്ങൾ, യുവ വോട്ടർമാരെത്തുന്ന പുതിയ കാലത്തെ കളിക്കളങ്ങൾ എന്നിവിടങ്ങളിലെല്ലാം പങ്കെടുത്ത് തിരിച്ചെത്തുമ്പോൾ രാത്രി 11 കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.