മഞ്ചേരി അഗ്നിരക്ഷ സേനക്ക് സ്വന്തം കെട്ടിടം
text_fieldsമഞ്ചേരി: വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മഞ്ചേരി അഗ്നിരക്ഷ സേനക്ക് കരുവമ്പ്രം ടെക്നിക്കൽ സ്കൂളിന് സമീപം സ്വന്തം ഓഫിസ് കെട്ടിടം നിർമിക്കാനുള്ള പ്രവൃത്തി ഉടൻ തുടങ്ങും. പദ്ധതിക്ക് മൂന്നുകോടി രൂപയുടെ ടെൻഡറായി. മഞ്ചേരി സ്വദേശിയാണ് നിർമാണ കരാർ എടുത്തത്. ഈ മാസം നിർമാണ പ്രവൃത്തി തുടങ്ങാനാണ് തീരുമാനം. നിർമാണ പ്രവൃത്തി ആരംഭിക്കാൻ സ്ഥലത്തെ കാടുകൾ വെട്ടിത്തെളിച്ചു.
സാങ്കേതിക വിദ്യാഭ്യാസവകുപ്പ് വിട്ടുനൽകിയ 50 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറും രണ്ട് നിലയും ഉൾപ്പെടുന്ന കെട്ടിടമാണ് രൂപകൽപന ചെയ്തത്. എന്നാൽ, മൂന്നുകോടി ചെലവഴിച്ച് ഇതിന്റെ നിർമാണ പ്രവൃത്തി പൂർത്തിയാക്കാനാവില്ല. ഇപ്പോൾ അനുവദിച്ച മൂന്നുകോടി രൂപ വിനിയോഗിച്ച് താഴത്തെ നിലയും ഒന്നാം നിലയും നിർമിക്കും. ഇതിലെ വൈദ്യുതീകരണ പ്രവൃത്തിയും പൂർത്തിയാക്കും. പിന്നീട് രണ്ടാം നിലയുടെ നിർമാണത്തിനായി എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കാനാണ് തീരുമാനം.
രണ്ടാം നിലയുടെ നിർമാണത്തിനുള്ള തുക അനുവദിക്കാൻ കാത്തിരുന്നാൽ കാലതാമസം നേരിടുമെന്നതിനാലാണ് ഒന്നാംനില വരെയുള്ള പ്രവൃത്തി ഇപ്പോൾ തുടങ്ങുന്നത്. അതിർത്തി നിർണയിച്ചതിലെ അപാകതമൂലം കെട്ടിടം ഉയരുന്നതിനു കാലതാമസം നേരിടുകയായിരുന്നു. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് അതിർത്തി തർക്കം പരിഹരിച്ചു. കെട്ടിടത്തിന്റെ പ്ലാൻ, ഡിസൈൻ എന്നിവ പൂർത്തിയാക്കി സാങ്കേതികാനുമതി കാത്തുനിൽക്കെയാണ് അതിർത്തി പ്രശ്നം ഉയർന്നത്. ഗവ. പോളിടെക്നിക്, ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലേക്കുള്ള വഴിയുടെ 10 മീറ്റർ കൂടുതൽ സർവേയിൽ ഉൾപ്പെട്ടതോടെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അതിർത്തി പുനർനിർണയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ജോയന്റ് ഡയറക്ടർ, അഗ്നിരക്ഷ സേന ഓഫിസർമാർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്നം തീർന്നത്. 2016 മുതൽ നഗരസഭയുടെ കച്ചേരിപ്പടി ബസ് സ്റ്റാൻഡ് കെട്ടിടത്തിലാണ് അഗ്നിരക്ഷ സേനയുടെ ഓഫിസ് പ്രവർത്തിക്കുന്നത്. ഒട്ടേറെ ജീവനക്കാരുണ്ടെങ്കിലും മതിയായ സൗകര്യം ഇവിടെയില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.