പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാത; നഷ്ടപരിഹാര വിതരണം 87 ശതമാനം പൂർത്തിയായി
text_fieldsമഞ്ചേരി: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതക്കായി ഭൂമി ഏറ്റെടുത്തതിൽ നഷ്ടപരിഹാര വിതരണം വിതരണം 87 ശതമാനവും പൂർത്തിയായി. ജില്ലക്ക് നഷ്ടപരിഹാരം നൽകാൻ 1986.64 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 1700 കോടി രൂപയും വിതരണം ചെയ്തു. അതേസമയം, പാത വീതികൂട്ടാൻ രണ്ടാംഘട്ട ഭൂമിയേറ്റെടുക്കൽ നടപടി ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആരംഭിക്കൂ.
ടോൾ പിരിവിന് കേന്ദ്രങ്ങൾ നിർമിക്കാനും ചരക്ക് വാഹനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ ഒതുക്കി നിർത്തി ഡ്രൈവർമാർക്ക് വിശ്രമിക്കാൻ സൗകര്യം ഒരുക്കാനുമാണ് കൂടുതൽ ഭൂമി ഏറ്റെടുത്ത് പാത വീതി കൂട്ടുന്നത്.
ഇതിനായി ജില്ലയിൽ ഏഴ് സ്ഥലങ്ങളിൽ കൂടുതൽ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തികരിക്കാനാണ് എൻ.എച്ച്.എ ശ്രമം നടത്തിയിരുന്നത്. ഈ മാസം തന്നെ ത്രീ എ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കാനും നീക്കമുണ്ടായിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇതിന് തടസമായി. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതോടെ ജീവനക്കാരെ തെരഞ്ഞെടുപ്പ് ചുമതലകൾക്കും നിയോഗിച്ച് ഉത്തരവായി. ഇതിനകം നാല് ജീവനക്കാർ ഓഫിസിൽനിന്ന് തെരഞ്ഞെടുപ്പ് ജോലിക്കായി പോയി.
45 മീറ്റർ വീതിയിൽ 53 കിലോമീറ്ററാണ് ജില്ലയിലൂടെ പാത കടന്നുപോകുന്നത്. പുതിയ ഏഴിടങ്ങളിൽ 60 മീറ്റർ വീതി കൂട്ടിയാകും ദേശീയപാതയുടെ നിർമാണം. വാഴയൂർ, കരുവാരക്കുണ്ട്, കാരക്കുന്ന്, അരീക്കോട്, വാഴക്കാട്, ചെമ്പ്രശ്ശേരി, ചീക്കോട് എന്നീ വില്ലേജുകളിലാണ് കൂടുതൽ ഭൂമി ഏറ്റെടുക്കുക.
നിലവിൽ ഏറ്റെടുത്ത ഭൂമിയുടെ ഇരു വശങ്ങളിൽനിന്ന് ഏഴര മീറ്റർ വീതിയിലാണ് ഏഴ് വില്ലേജുകളിലും ഭൂമി അധികമായി ഏറ്റെടുക്കുക. ജില്ലയിൽ ഇതുവരെ 15 വില്ലേജുകളിൽനിന്ന് 238 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. പുതിയ പദ്ധതി പ്രകാരം ഒൻപത് ഹെക്ടർ ഭൂമി കൂടി നാഷനൽ ഹൈവേ അതോറിറ്റി ഏറ്റെടുക്കും. 45 മീറ്റർ വീതിയിൽ പാത നിർമിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
പിന്നീട് ടോൾ പിരിവിന് കേന്ദ്രങ്ങൾ നിർമിക്കാനും ചരക്ക് വാഹനങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനും വീതി കൂട്ടണമെന്ന ആവശ്യവുമായി നാഷനൽ ഹൈവേ അതോറിറ്റി (എൻ.എച്ച്.എ) സർക്കാറിനെ സമീപിക്കുകയായിരുന്നു. ഇതോടെ പുതിയ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. തെരഞ്ഞെടുപ്പിന് ശേഷം ആദ്യഘട്ടത്തിന്‍റെ ടെണ്ടർ നടപടികളിലേക്ക് കടക്കും. ഇതോടൊപ്പം തന്നെ വീതികൂട്ടുന്നതിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികളും പുരോഗമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.