നോക്കുകുത്തിയായി പയ്യനാട്ടെ ജില്ല ഹോമിയോ മെഡിക്കൽ സ്റ്റോർ
text_fieldsമഞ്ചേരി: 50 ലക്ഷം രൂപ ചെലവഴിച്ച് പയ്യനാട് നിർമിച്ച ജില്ല ഹോമിയോ മെഡിക്കൽ സ്റ്റോർ ഇനിയും തുറന്നില്ല. നിർമാണം പൂർത്തിയായി ഒന്നരവർഷം കഴിഞ്ഞിട്ടും കെട്ടിടം നോക്കുകുത്തിയായി കിടക്കുകയാണ്.
നിലവിൽ സിവിൽ സ്റ്റേഷനിലാണ് മരുന്നുകൾ സൂക്ഷിക്കുന്നത്. മുകളിലത്തെ നിലയിലായതിനാൽ മരുന്നുകൾ കയറ്റി ഇറക്കാനും പ്രയാസമുണ്ട്.
മരുന്നുകൾ സൂക്ഷിക്കാൻ രണ്ട് വലിയ ഹാളുകളാണ് പുതിയ കെട്ടിടത്തിലുള്ളത്. ഓഫിസ് മുറിയും ശുചിമുറി സൗകര്യവുമുണ്ട്. നിലം പണിയും ഇലക്ട്രിക്കൽ സംബന്ധമായ ജോലികളുമെല്ലാം പൂർത്തിയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നടത്താൻ ബന്ധപ്പെട്ടവർ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. ഇതോടെയാണ് കെട്ടിടം അനാഥമായി കിടക്കുന്നത്. നഗരസഭയുടെ ഹോമിയോ ആശുപത്രി വളപ്പിലാണ് പുതിയ കെട്ടിടം നിർമിച്ചത്.
ഹോമിയോ ആശുപത്രിയിലെ കിടക്കകൾ നശിപ്പിച്ചതായി പരാതി
മഞ്ചേരി: പയ്യനാടുള്ള നഗരസഭയുടെ ഹോമിയോ ആശുപത്രിയിലെ കിടക്കകളും മറ്റും നശിപ്പിച്ചതായി പരാതി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആശുപത്രി കെട്ടിടം ജയിൽ വകുപ്പിന് തടവുകാരെ പാർപ്പിക്കാൻ കൈമാറിയിരുന്നു. കോവിഡ് പരിശോധന ഫലം വരുന്നത് വരെ പ്രതികളെ ഇവിടെയായിരുന്നു പാർപ്പിച്ചിരുന്നത്.
ഇൗ സമയത്താണ് ആശുപത്രിയിലെ സാധനങ്ങൾ നശിപ്പിച്ചത്. 25ലധികം കിടക്കകളാണ് ഉപയോഗശൂന്യമാക്കിയത്. ശുചിമുറിയുടെ വാതിലുകളും ടൈൽസുകളും തകർത്തു. 35 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ പറഞ്ഞു. ഇനി കിടത്തിചികിത്സ പുനരാരംഭിക്കണമെങ്കിൽ വലിയ തുക അറ്റകുറ്റപ്പണിക്കായി ചെലവഴിക്കേണ്ടി വരുമെന്നും അവർ പറഞ്ഞു.
ഒരു വർഷത്തിന് ശേഷം ഈയിടെയാണ് കെട്ടിടം ആശുപത്രിക്ക് തന്നെ വിട്ടുകിട്ടിയത്. ജീവനക്കാരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി ഒ.പി സൗകര്യം പുനരാരംഭിച്ചിട്ടുണ്ട്. സ്പെഷാലിറ്റി ഒ.പിയും തുടങ്ങി. ഐ.പി സൗകര്യം തുടങ്ങാനുള്ള തയാറെടുപ്പിലാണ് ആശുപത്രി അധികൃതർ. കോവിഡിന് മുമ്പ് ദിനംപ്രതി ഇരുനൂറോളം രോഗികൾ ആശുപത്രിയിലെത്തിയിരുന്നു. ഇപ്പോൾ എണ്ണം കുറഞ്ഞു. രണ്ട് ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്സ്, നഴ്സിങ് അസിസ്റ്റൻറ്, ലാബ് ടെക്നിഷ്യൻ എന്നിവരുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.