പയ്യനാട് കുടിവെള്ള പദ്ധതി; നിലവിലെ പൈപ്പ് ലൈനിലൂടെ വെള്ളമെത്തിക്കാന്‍ ധാരണ
text_fieldsമഞ്ചേരി: പയ്യനാട് കുടിവെള്ള പദ്ധതി പൂര്‍ത്തിയാകും വരെ നിലവിലെ പൈപ്പ് ലൈനിലൂടെ വെള്ളമെത്തിക്കാന്‍ നഗരസഭാധ്യക്ഷ വി.എം. സുബൈദയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെയും കൗണ്‍സിലര്‍മാരുടെയും യോഗത്തില്‍ ധാരണയായി. കരാറുകാരനും വകുപ്പുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസ് തീരുന്ന മുറക്ക് നിലവിലെ പൈപ്പ് മാറ്റലും ലൈന്‍ നീട്ടുന്ന പ്രവൃത്തിയും നടത്തും.
പദ്ധതിയില്‍ 80 കിലോമീറ്റര്‍ ചുറ്റളവിലാണ് പൈപ്പ് ലൈന്‍ നീട്ടാനുള്ളത്. പൈപ്പ് ലൈനിന്റെ രൂപരേഖയടക്കം വിശദവിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 16ന് വീണ്ടും യോഗം ചേരും. നെല്ലിക്കുത്ത്, പയ്യനാട്, മുക്കം, കോട്ടക്കുത്ത് പ്രദേശങ്ങളില്‍ നാല് മാസമായി കുടിവെള്ളം ലഭ്യമാകാത്ത സാഹചര്യത്തിലാണ് അടിയന്തര നടപടിയായി പഴയ പൈപ്പ് ലൈനിലൂടെ വെള്ളമെത്തിക്കാനുള്ള തീരുമാനം. നിലവില്‍ പ്രവൃത്തി പൂര്‍ത്തിയായ ചെരണിയില്നിന്ന് മംഗലശ്ശേരി വഴി തടപ്പറമ്പിലേക്കിട്ട ലൈനിലൂടെ ട്രയല്‍ നടത്തും. ട്രയല്‍ നോക്കി പദ്ധതി കമീഷന് ചെയ്യാമെന്നാണ് യോഗത്തിലെ ധാരണ.
പയ്യനാട് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 2019ലാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. 73 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന പദ്ധതി അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായിട്ടില്ല. എലമ്പ്രയിലും തടപ്പറമ്പിലും ടാങ്ക് നിര്‍മിച്ചിട്ടുണ്ടെങ്കിലും പൈപ്പ് കണക്ഷന് നല്‍കിയിട്ടില്ല. കരാറുകാരനും വകുപ്പും തമ്മിലുള്ള പ്രശ്നം കോടതിയിലുമാണ്. വേനല്‍ കടുത്തതോടെ ഈ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാണ്. പദ്ധതി നിലവിലുള്ളതിനാല്‍ നഗരസഭക്ക് മറ്റു കുടിവെള്ള പദ്ധതികളൊന്നും നടപ്പിലാക്കാനും സാധിക്കുന്നില്ല.
പല തവണ നഗരസഭാധ്യക്ഷയുടെ നേതൃത്വത്തില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ മുഖം തിരിക്കുകയായിരുന്നു. ഇതോടെയാണ് തിങ്കളാഴ്ച നഗരസഭാധ്യക്ഷയും കൗണ്‍സിലര്‍മാരും വാട്ടര്‍ പി.എച്ച് സബ് ഡിവിഷന് അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസില്‍ പ്രതിഷേധിച്ചത്. തുടര്‍ന്നാണ് യോഗം വിളിച്ചത്.
വൈസ് ചെയര്മാന് വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, കൗണ്‍സിലര്‍മാരായ മരുന്നന്‍ മുഹമ്മദ്, അഷ്റഫ് കാക്കേങ്ങല്‍, ചിറക്കല്‍ രാജന്, എം.പി. സിദ്ദീഖ്, ടി. ശ്രീജ, മുഹ്മിദ ഷിഹാബ്, കുടിവെള്ള പദ്ധതിയുടെ പ്രൊജക്ട് എക്സിക്യൂട്ടീവ് എൻജിനീയര്‍, സൂപ്രണ്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.