പയ്യനാട് കുടിവെള്ള പദ്ധതി; ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച ഇന്ന്
text_fieldsമഞ്ചേരി: പയ്യനാട് കുടിവെള്ള പദ്ധതി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദയുടെ നേതൃത്വത്തിൽ ജല അതോറിറ്റി പി.എച്ച് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെ 11 ആരംഭിച്ച പ്രതിഷേധം ഉച്ചക്ക് ഒന്ന് വരെ നീണ്ടു. പ്രശ്നം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് ചെയർപേഴ്സന്റെ ചേംബറിൽ വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരാമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
പയ്യനാട് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 2019ലാണ് പയ്യനാട് കുടിവെള്ള പദ്ധതി ആരംഭിച്ചത്. 73 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതി അഞ്ച് വർഷം പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല. എലമ്പ്രയിലും തടപ്പറമ്പിലും ടാങ്ക് നിർമിച്ചിട്ടുണ്ടെങ്കിലും പൈപ്പ് കണക്ഷൻ നൽകിയിട്ടില്ല. കരാറുകാരനും വകുപ്പും തമ്മിലുള്ള പ്രശ്നം കോടതിയിലുമാണ്. നെല്ലിക്കുത്ത്, കോട്ടക്കുത്ത്, പിലാക്കൽ, മുക്കം, അമയംകോട്, കാരേപറമ്പ്, തോട്ടുപൊയിൽ, എലമ്പ്ര, പയ്യനാട്, ചോലക്കൽ, കുട്ടിപ്പാറ, താമരശ്ശേരി തുടങ്ങി നഗരസഭ പരിധിയിലെ 11 വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് പദ്ധതി ആരംഭിച്ചത്. വേനൽ കടുത്തതോടെ ഈ മേഖലയിൽ പ്രതിസന്ധി രൂക്ഷമാണ്. പദ്ധതി നിലവിലുള്ളതിനാൽ നഗരസഭക്ക് മറ്റു കുടിവെള്ള പദ്ധതികളൊന്നും നടപ്പാക്കാനും സാധിക്കുന്നില്ല. ടാങ്കറുകളെയും പൊതുകിണറുകളെയുമാണ് പല കുടുംബങ്ങളും ആശ്രയിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പി.എച്ച്. ഡിവിഷൻ ഓഫിസിലെത്തിയ കൗൺസിലർമാർ വിഷയം നാളെത്തന്നെ ചർച്ച ചെയ്യണമെന്ന് നിലപാടെടുത്തു. രണ്ട് മണിക്കൂറോളം നടന്ന ചർച്ചക്കൊടുവിൽ എക്സിക്യൂട്ടീവ് എൻജിനീയർ മലപ്പുറം പി.എച്ച് ഡിവിഷൻ സൂപ്രണ്ടുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ചർച്ച നടത്താമെന്ന് അറിയിച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, കൗൺസിലർമാരായ മരുന്നൻ മുഹമ്മദ്, അഷ്റഫ് കാക്കേങ്ങൽ, ചിറക്കൽ രാജൻ, എം.പി. സിദ്ധീഖ്, ടി. ശ്രീജ, മുഹ്മിദ ഷിഹാബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.