പയ്യനാട് തടപ്പറമ്പ് കുടിവെള്ള പദ്ധതി;ശുദ്ധീകരണ ശാലയിലേക്ക് വെള്ളമെത്തി
text_fieldsമഞ്ചേരി: പയ്യനാട് തടപ്പറമ്പ് കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണ ശാലയിലേക്ക് വെള്ളമെത്തി. ശനിയാഴ്ച രാവിലെ നടത്തിയ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. ആദ്യ രണ്ടുതവണയും ട്രയൽ റൺ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മാസം നാലിനാണ് ആദ്യം അരീക്കോട് പമ്പ് ഹൗസിൽ നിന്നും കിളിക്കല്ലിങ്ങലിലെ ശുദ്ധീകരണ ശാലയിലേക്ക് വെള്ളമെത്തിക്കാൻ ശ്രമം നടത്തിയത്. എന്നാൽ ഒന്നര വർഷം മുമ്പ് സ്ഥാപിച്ച മൂന്ന് മോട്ടോറുകളും അന്ന് പ്രവർത്തിച്ചില്ല. 23ന് വീണ്ടും ട്രയൽ റൺ നടത്തി. അന്ന് രണ്ടിടങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലൊഴുകി ശ്രമം പരാജയപ്പെട്ടു.
പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങി റോഡ് കീറി പൈപ്പ് നന്നാക്കിയാണ് വീണ്ടും ട്രയൽ റൺ നടത്തിയത്. ശുദ്ധീകരണ ശാലയിലേക്ക് വെള്ളം എത്തിയതോടെ തടപ്പറമ്പ് കുടിവെള്ള പദ്ധതി പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ശുദ്ധീകരണ ശാലയിൽനിന്ന് ചെരണിയിലേക്ക് വെള്ളമെത്തിക്കും. ചെരണിയിൽനിന്ന് തടപ്പറമ്പിലെയും എലമ്പ്രയിലേയും ടാങ്കിലേക്ക് വെള്ളമെത്തിക്കാൻ വൈദ്യുതി ലഭിച്ചിരുന്നില്ല. വാട്ടർ അതോറിറ്റിക്ക് കെ.എസ്.ഇ.ബിക്ക് നാല് കോടി രൂപ കുടിശ്ശിക നൽകാനുണ്ടായിരുന്നു.
ഇതിൽ 3.38 കോടി രൂപ സർക്കാർ അടച്ചു. പുതിയ കണക്ഷന് കാത്തുനിൽക്കാതെ പഴയ വൈദ്യുതി കണക്ഷൻ ഉപയോഗിച്ച് വെള്ളമെത്തിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. പയ്യനാട് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി 2020ലാണ് പയ്യനാട് കുടിവെള്ള പദ്ധതി ആരംഭിച്ചത്. 73 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ നെല്ലിക്കുത്ത്, കോട്ടക്കുത്ത്, പിലാക്കല്‍, മുക്കം, അമയംകോട്, കാരേപറമ്പ്, തോട്ടുപൊയില്‍, എലമ്പ്ര, പയ്യനാട്, ചോലക്കല്‍, കുട്ടിപ്പാറ, താമരശ്ശേരി തുടങ്ങി നഗരസഭ പരിധിയിലെ 11 വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.