ഇന്ത്യയെ രക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ജനം തയാറാകണം -ബിനോയ് വിശ്വം
text_fieldsമഞ്ചേരി: രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ അട്ടിമറിക്കുന്ന ഭരണകൂടമാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും ബഹുഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും ദുരന്തം മാത്രം നൽകുന്ന ഫാഷിസ്റ്റ് ശക്തികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജനങ്ങളെ അണിനിരത്താന്‍ സി.പി.ഐ മുന്‍കൈ എടുക്കുമെന്നും പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റംഗവും എം.പിയുമായ ബിനോയ് വിശ്വം. സി.പി.ഐ എളങ്കൂര്‍ ലോക്കല്‍ കമ്മിറ്റി പുതുതായി നിര്‍മിച്ച പ്രഫ. പി. ശ്രീധരന് സ്മാരക മന്ദിരവും പാര്‍ട്ടി ലോക്കല്‍ സമ്മേളന പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ഓഫിസില്‍ നിര്‍മിക്കുന്ന കൊളാടി സ്മാരക ഗ്രന്ഥാലയത്തിന്റെ ശിലാസ്ഥാപനം സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാനുമായ പി.പി. സുനീര്‍ നിര്‍വഹിച്ചു. പ്രഫ. പി. ശ്രീധരന്, കൊളാടി ഗോവിന്ദന്‍കുട്ടി എന്നിവരുടെ ഫോട്ടോ പാര്‍ട്ടി ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ് അനാച്ഛാദനം ചെയ്തു. ഇ. അബ്ദു ഹാജി അധ്യക്ഷത വഹിച്ചു.
സി.പി.ഐ മഞ്ചേരി മണ്ഡലം സെക്രട്ടറി അഡ്വ. കെ.പി. ഷാജു, എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. സമദ്, എം. അപ്പുട്ടി, ലോക്കല്‍ സെക്രട്ടറി ഇ. പ്രഭാകരന്, ഇ. നിഷ, എം. ഗിരീശന്, ഐ.പി. സനൂപ് എന്നിവർ സംസാരിച്ചു. പാര്‍ട്ടി ഓഫിസിന് സ്ഥലം സൗജന്യമായി നല്കിയ പരേതനായ ചെമ്മിണിക്കര ദാമോദരന്‍ നായരുടെ ഭാര്യ ബേബി അമ്മയെ പി. ഗൗരി ടീച്ചര്‍ പൊന്നാട നല്കി ആദരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ എളങ്കൂര്‍ അങ്ങാടിയില്‍ പ്രകടനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.