പന്തല്ലൂർ മുടിക്കോട് പൊലീസ് എയിഡ് പോസ്റ്റ് വീണ്ടെടുക്കാൻ നടപടി തുടങ്ങി
text_fieldsമഞ്ചേരി: ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ഏകശേഷിപ്പായ പന്തല്ലൂർ പൊലീസ് എയിഡ് പോസ്റ്റ് വീണ്ടെടുക്കാനുള്ള നടപടി തുടങ്ങി. പതിറ്റാണ്ടുകളായി അവഗണനയുടെ കാടു മൂടിയ ഇവിടത്തെ കാടുവെട്ടി, മണ്ണുനീക്കി ചരിത്ര ശേഷിപ്പുകൾ വീണ്ടെടുക്കാൻ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി തുടങ്ങിയത്.
വർഷങ്ങളായി അടിഞ്ഞുകൂടിയ മണ്ണ് നീക്കുന്ന ജോലിയാണ് ആരംഭിച്ചത്. ഇതിനുശേഷം വീണ്ടെടുക്കുന്നതിന്റെ സാധ്യതകൾ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കും. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യൂസിയം ഇൻ ചാർജ് ഓഫിസർ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് തൊഴിലാളികൾ കാടുവെട്ടലും മണ്ണ് നീക്കുന്ന പ്രവൃത്തിയും തുടങ്ങിയത്. പന്തല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും ബ്രിട്ടീഷ് വിരുദ്ധ പോരാളികളെ വീക്ഷിക്കാൻ നിർമിച്ച പൊലീസ് എയി ഡ് പോസ്റ്റാണിത്. മുടിക്കോട് വില്ലേജ് ഓഫിസിന് സമീപത്താണ് പൊലീസ് എയിഡ് പോസ്റ്റും തടവറയും സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്ത ഖിലാഫത്ത് പ്രവർത്തകരെ പിടിച്ച് ക്രൂരമായി മർദിച്ച ജയിൽ കെട്ടിടമായിരുന്നു. ബ്രിട്ടിഷ് അധിനിവേശ കാലത്ത് സമര പോരാളികളെ തടവിലിട്ടിരുന്ന എയിഡ് പോസ്റ്റും അതോടനുബന്ധിച്ച ജയിലറയും പതിറ്റാണ്ടുകളായി കാടുകയറി നശിക്കുകയായിരുന്നു.
ഖിലാഫത്ത് പ്രവർത്തകരെ ഇവിടെ തടവിൽ പാർപ്പിച്ചിരുന്നു. പഴകി ദ്രവിച്ച കെട്ടിടവും ലോക്കപ്പ് മുറിയുമാണ് ഇന്ന് അവശേഷിക്കുന്നത്. സമരം ശക്തി പ്രാപിച്ചപ്പോൾ പട്ടാളം സമരക്കാരെ വീക്ഷിച്ചത് എയ്ഡ് പോസ്റ്റ് കേന്ദ്രീകരിച്ചായിരുന്നു.
പന്തല്ലൂർ മലനിരകൾ കേന്ദ്രീകരിച്ചാണ് പോരാളികൾ പട്ടാളത്തിനെതിരെ ഒളിപ്പോരാട്ടം നടത്തിയിരുന്നത്. പിടിച്ച് ജയിലിലിടുന്ന പോരാളികളെ പാണ്ടിക്കാട്ടെ പ്രധാന ജയിലിലേക്ക് കൊണ്ടുപോകുന്നത് വരെ ഇവിടെ പാർപ്പിക്കുകയും പിന്നീട് പുഴയിലൂടെ പാണ്ടിക്കാട് പട്ടാള ക്യാമ്പിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ഔട്ട് പോസ്റ്റിൽനിന്ന് ക്യാമ്പിലേക്ക് പ്രത്യേക മാർഗവും ഉണ്ടായിരുന്നു. ചരിത്ര സ്മാരകത്തിന്റെ സംരക്ഷണ സംബന്ധിച്ച് ആനക്കയം പഞ്ചായത്ത് ഭരണ സമിതി, ഐ.എൻ.എൽ, ചരിത്ര വിദ്യാർഥികൾ, ഗവേഷകർ, സഞ്ചാരികൾ, പുരാവസ്തു ഗവേഷകനായ അബ്ദുൽ സലീം പടവണ്ണ, തുടങ്ങി ഒട്ടേറെ പേർ നിരന്തരമായി സർക്കാറിന്റെയും പുരാവസ്തു വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
മഞ്ചേരി യൂനിറ്റി കോളജിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഇവിടെ ശുചീകരണ പ്രവൃത്തി നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.