മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ട സമയം കൂട്ടി; കൂട്ടാതെ ജീവനക്കാരുടെ എണ്ണം
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ രാത്രികാല പോസ്റ്റുമോർട്ടം നടത്താനുള്ള സമയം വർധിപ്പിച്ചെങ്കിലും ജീവനക്കാരുടെ കുറവ് തടസ്സമാകുന്നു. പോസ്റ്റുമോർട്ടം രാത്രി എട്ട് വരെ നടത്താമെന്നാണ് സർക്കാറിന്റെ പുതിയ നിർദേശമെങ്കിലും ഇതിന് വേണ്ടത്ര ജീവനക്കാർ ആശുപത്രിയിൽ ഇല്ല. ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല.
വകുപ്പ് മേധാവി ഉൾപ്പെടെ അഞ്ച് പേരാണ് മെഡിക്കൽ കോളജിലുള്ളത്. രണ്ട് അസിസ്റ്റന്റ് സർജൻ, രണ്ട് സീനിയർ റസിഡന്റ്, മോർച്ചറി ടെക്നീഷ്യൻമാർ തുടങ്ങിയവരെ നിയമിച്ചെങ്കിലേ രാത്രികാല പോസ്റ്റുമോർട്ടം ആരംഭിക്കാനാകൂ.
മൃതദേഹം വൈകീട്ടാണ് എത്തുന്നതെങ്കിൽ സ്റ്റേഷനിൽനിന്ന് അക്കാര്യം നേരത്തേ അറിയിച്ചെങ്കിൽ മാത്രമേ ഡ്യൂട്ടിക്ക് ഡോക്ടറെ നിയോഗിക്കാനാകൂ. ഇതിന് പുറമെ മറ്റ് ജീവനക്കാരെയും നിയോഗിക്കണം. രാവിലെ മുതൽ വൈകീട്ട് വരെ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് രാത്രിയിലും പോസ്റ്റുമോർട്ടം ജോലികൾ ചെയ്യാനാകില്ല. പൊലീസ് സർജൻമാരെ നിയമിക്കുകയും സൗകര്യങ്ങൾ ഒരുക്കുകയും ചെയ്താൽ പോസ്റ്റുമോർട്ടം നടത്താൻ സജ്ജമാണെന്ന് കാണിച്ച് ഫൊറൻസിക് വിഭാഗം ബന്ധപ്പെട്ടവർക്ക് കത്ത് നൽകി.
മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ഉണ്ടാകണമെന്ന് ഫോറൻസിക് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്യൂട്ടി ഡോക്ടർക്ക് രാത്രി താമസസൗകര്യം ഒരുക്കണം, ഡോക്ടറുടെ സുരക്ഷക്ക് എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും ജില്ല പൊലീസ് മേധാവിയോട് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്.
സംശയാസ്പദമായ സാഹചര്യത്തിലാണ് മരണം സംഭവിച്ചതെങ്കിൽ അടുത്ത ദിവസത്തേക്ക് മാറ്റിവെക്കും. ജൂനിയർ ഡോക്ടറാണ് പോസ്റ്റുമോർട്ടം നടത്തിയതെങ്കിൽ വിദഗ്ധ അഭിപ്രായം തേടാനും വിദഗ്ധ പരിശോധനക്കുമാണ് ഇൻക്വസ്റ്റ് നടത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ഉണ്ടാകണമെന്ന് ഫോറൻസിക് വിഭാഗം അധികൃതർ ആവശ്യപ്പെട്ടത്. രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ ഒട്ടേറെ നിർദേശങ്ങളും ഫോറൻസിക് വിഭാഗം പുറത്തിറക്കിയിട്ടുണ്ട്. വൈകീട്ട് നാലിന് ശേഷം പോസ്റ്റ്മോർട്ടം ചെയ്യാൻ നാലിന് മുമ്പ് തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ പൊലീസ് സർജനെ നേരിട്ടോ ഫോൺ, ഇ-മെയിൽ മുഖേനയോ വിവരം അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.