തോരാ മഴ; മഞ്ചേരി-നിലമ്പൂർ റോഡിൽ വെള്ളക്കെട്ട്
text_fieldsമഞ്ചേരി: ഞായറാഴ്ചയിലെ തോരാ മഴയിൽ മഞ്ചേരി-നിലമ്പൂർ റോഡില്‍ വെള്ളക്കെട്ട്. എളങ്കൂർ റോഡ് ജങ്ഷനിലാണ് ഒരുമീറ്ററോളം ഉയരത്തിൽ വെള്ളം പൊങ്ങിയത്. തൊട്ടടുത്ത കടകളിലേക്കും വെള്ളം കയറി. മഴക്കാലത്ത് ഇവിടെ വെള്ളം കയറുന്നത് നിത്യസംഭവമാണ്.
മൂന്നുഭാഗങ്ങളില്നിന്ന് ഒഴുകിയെത്തിയ വെള്ളം പ്രധാന റോഡില്‍ കെട്ടിനില്‍ക്കുകയായിരുന്നു. നിരവധി ബൈക്ക് യാത്രികര്‍ റോഡിലെ വെള്ളക്കെട്ടില്‍ വീണു. വാഹനങ്ങള്‍ വെള്ളം കയറി ഓഫാകുകയും ചെയ്തു. ഇരുചക്ര വാഹനങ്ങൾ എളങ്കൂർ റോഡിലൂടെ തിരിച്ചുവിട്ടു.
വെള്ളം ഒഴുകിപോകാൻ അഴുക്കുചാൽ ഇല്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ഉള്ള അഴുക്കുചാൽ ചളിയും മറ്റും നിറഞ്ഞ് അടഞ്ഞ സ്ഥിതിയാണ്. പലതവണ നാട്ടുകാരും കടകളിലെ ജീവനക്കാരുമടക്കം ഇത് വൃത്തിയാക്കിയിരുന്നെങ്കിലും പരിഹാരമായില്ല. മഴയിൽ നേരിയ വെള്ളക്കെട്ട് ഉണ്ടാകാറുണ്ടെങ്കിലും ഇത്ര ഉയരത്തില്‍ വെള്ളം കെട്ടുന്നത് അപൂര്‍വമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണം പാതിവഴിയിൽ നിലച്ചതും വെള്ളം കെട്ടിനിൽക്കാൻ കാരണമായി. നാട്ടുകാർ നിരവധി തവണ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിരുന്നെങ്കിലും പരിഹാരം അകലെയാണ്. നെല്ലിപ്പറമ്പ് ജങ്ഷനിലും ചെറിയ തോതിൽ വെള്ളം കെട്ടിനിന്നത് ഗതാഗത തടസ്സത്തിന് കാരണമായി.
മഴയിലും കാറ്റിലും പുൽപറ്റ ഒളമതിൽ അങ്ങാടിയിൽ അക്ഷയകേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒന്നാംനില പൂർണമായി തകർന്നുവീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.