മഞ്ചേരിയിൽ അനധികൃത തെരുവോര കച്ചവടം നീക്കാൻ തീരുമാനം
text_fieldsമഞ്ചേരി: നഗരസഭ പരിധിയിലെ അനധികൃത തെരുവോര കച്ചവടം നീക്കം ചെയ്യാൻ തീരുമാനം. ചെയർപേഴ്സൻ വി.എം. സുബൈദയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണിത്. ഘട്ടംഘട്ടമായി നഗരസഭയിൽനിന്ന് തെരുവോര കച്ചവടങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. നഗരസഭയിൽനിന്ന് കാർഡ് ലഭിച്ച് കച്ചവടം ചെയ്യുന്നവരെ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കും. കൗൺസിൽ യോഗം ചേർന്ന് സോൺ തിരിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്താനും തീരുമാനിച്ചു. ആദ്യഘട്ടം എന്ന നിലയിൽ സെൻട്രൽ ജങ്ഷൻ മുതൽ മലപ്പുറം റോഡിൽ മുട്ടിപ്പാലം വരെയും കോഴിക്കോട് റോഡിൽ കിഴിശ്ശേരി റോഡ് വരെയും നിലമ്പൂർ റോഡിൽ നെല്ലിപ്പറമ്പ് വരെയും പാണ്ടിക്കാട് റോഡിൽ കൊരമ്പയിൽ ആശുപത്രി വരെയും നാല് ബൈപാസ് റോഡുകളിലെയും അനധികൃത തെരുവോര കച്ചവടങ്ങൾ നീക്കം ചെയ്യും.
വിഷയം അടുത്ത കൗൺസിലിലും വഴിയോര കച്ചവട സമിതി യോഗത്തിലും അവതരിപ്പിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൻ അറിയിച്ചു. രാത്രികളിൽ കച്ചവടങ്ങൾ സജീവമാണ്. ഇതൊഴിവാക്കാൻ രാത്രികാല പരിശോധനയും നടത്തും. പഴയ ബസ് സ്റ്റാൻഡ് പൊളിച്ചുനീക്കി ബസ് ബേ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം പുരോഗമിക്കുകയാണ്. പ്രവൃത്തിക്ക് തടസ്സം വരുന്ന രീതിയിൽ പരിസരത്ത് കച്ചവടം ചെയ്യുന്നവരെയും ഒഴിവാക്കും. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, എൻ.കെ. ഖൈറുന്നീസ, എൻ.എം. എൽസി, കൗൺസിലർമാരായ മരുന്നൻ മുഹമ്മദ്, എ.വി. സുലൈമാൻ, വിവിധസംഘടനകളെ പ്രതിനിധീകരിച്ച് കെ.കെ.ബി. മുഹമ്മദലി, ഹനീഫ മേച്ചേരി, സക്കീർ വല്ലാഞ്ചിറ, കെ.പി. ഉമ്മർ, നിവിൽ ഇബ്രാഹീം, ഫൈസൽ ചേലാടത്തിൽ, റഫീഖ്, രഘു, ഇ.കെ. ചെറി, പി.ജി. ഉപേന്ദ്രൻ, നഗരസഭ ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ദീപേഷ് തലക്കാട്ട്, സൂപ്രണ്ട് കൃഷ്ണൻ മുണ്ടിയൻതറക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.