‘ഭൂമി തരം മാറ്റാൻ നിയമസഹായം’; ഫ്ലക്സ് ബോർഡുകൾ നീക്കി റവന്യൂ വകുപ്പ്
text_fieldsമഞ്ചേരി: വിവിധയിടങ്ങളിലായി സ്ഥാപിച്ച ഭൂമി തരം മാറ്റൽ സംബന്ധിച്ച ഏജൻസി പരസ്യ ബോർഡുകൾ നീക്കം ചെയ്ത് റവന്യൂ വകുപ്പ്. താലൂക്ക് പരിധിയിലെ പ്രധാന നഗരങ്ങളിലെ വൈദ്യുതി തൂണുകളിലും പൊതുയിടങ്ങളിലും സ്ഥാപിച്ച ബോർഡുകളാണ് ജീവനക്കാർ നീക്കിയത്. ‘ഭൂമിതരം മാറ്റൽ, നിയമ സഹായത്തിന് വിളിക്കൂ‘, ‘ഭൂമി തരം മാറ്റൽ നിയപ്രകാരം ഫീസ് അടച്ചും അല്ലാതെയും വിദഗ്ധ ഉപദേശങ്ങൾക്ക് വിളിക്കൂ’ തുടങ്ങിയ വാചകങ്ങളാണ് ബോർഡിൽ ഉണ്ടായിരുന്നത്. മൊബൈൽ നമ്പർ സഹിതമാണിത്. ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലാത്ത 2008നു മുമ്പ് നികത്തപ്പെട്ട നിലവിൽ തരിശുഭൂമിയായി കിടക്കുന്ന പ്രദേശങ്ങൾ രൂപമാറ്റം വരുത്തി കരഭൂമിയാക്കി മാറ്റാനുള്ള നിയമസഹായം നൽകാമെന്നാണ് പരസ്യം.
റവന്യൂ രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമി പുരയിടം എന്ന് തരം മാറ്റിയാലേ നിർമാണം സാധ്യമാകൂ. കൃഷിയോഗ്യമായ ഭൂമിയുടെ വിവരങ്ങൾ ഡേറ്റ ബാങ്കായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഭൂമി തരം മാറ്റുന്നതിന് മറ്റു തടസ്സമില്ല. 25 സെന്റിൽ താഴെയാണെങ്കിൽ ഫീസ് നൽകേണ്ട ആവശ്യവുമില്ല. 2017ന് മുമ്പ് അപേക്ഷകന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയായിരിക്കണം എന്നുമാത്രം. ഇതിന് ശേഷമാണെങ്കിൽ ഫെയർ വാല്യൂവിന്റെ 10 ശതമാനം ഫീസ് ആയി അടക്കേണ്ടി വരും. നിലവിൽ തരം മാറ്റൽ ഓൺലൈനാണ്. ഇതിനായി ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല.
അപേക്ഷകർ നേരിൽ ചെയ്താൽ മതിയെന്നും ഇത്തരം ബോർഡുകളിൽ വഞ്ചിതരാവരുതെന്നും ഏറനാട് തഹസിൽദാർ കെ. മുകുന്ദൻ പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർമാരായ അബ്ദുൽ സലിം, അജിൻ ലാൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.