എന്ന് തീരും ഈ ദുരിതയാത്ര...?
text_fieldsമഞ്ചേരി: റോഡ് തകർന്നതോടെ ദുരിതയാത്ര സമ്മാനിച്ച് സൈതാലിക്കുട്ടി ബൈപാസ്. കച്ചേരിപ്പടിയിൽനിന്ന് ചെങ്ങണ വരെയുള്ള റോഡിൽ നിരവധി കുഴികളാണുള്ളത്. ക്വാറി അവശിഷ്ടങ്ങളിട്ട് റോഡ് താൽക്കാലികമായി അറ്റക്കുറ്റപ്പണി നടത്തിയിരുന്നെങ്കിലും ശക്തമായ മഴയിൽ ഒലിച്ചുപോയി. ഇതോടെ ദുരിതം ഇരട്ടിയായി. മഴ പെയ്താൽ പലഭാഗത്തും ചളിക്കുളമാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് മറികടന്ന് പാണ്ടിക്കാട് റോഡിലേക്കെത്തുന്ന പ്രധാന റോഡാണിത്. നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി പോകുന്നത്.
റോഡ് തകർന്ന് മാസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ല. കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നതും നിത്യസംഭവമാണ്. രാത്രികാലങ്ങളിൽ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതും നേരത്തെ നിക്ഷേപിച്ച മെറ്റലുകൾ റോഡിലേക്ക് തെറിച്ച് നിൽക്കുന്നതും അപകടം വിളിച്ചുവരുത്തുന്നു.
ഭാരവാഹനങ്ങൾ പോകുന്ന റോഡിൽ ചിലഭാഗത്ത് റോഡ് താഴ്ന്നിട്ടുമുണ്ട്. പാണ്ടിക്കാട് ഭാഗത്തുനിന്ന് വരുന്നവർക്ക് മെഡിക്കൽ കോളജ്, കോടതി സമുച്ചയം എന്നിവിടങ്ങളിലേക്ക് എത്താനുള്ള റോഡ് കൂടിയാണിത്. പയ്യനാട് സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുമ്പോൾ മലപ്പുറം ഭാഗത്തുനിന്ന് വരുന്നവർ സ്റ്റേഡിയത്തിലേക്കെത്താൻ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡ് അടിയന്തരമായി അറ്റക്കുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യം ശക്തമാണ്.
നിലമ്പൂർ റോഡിൽ ജസീല ജങ്ഷൻ മുതൽ നെല്ലിപ്പറമ്പ് വരെയുള്ള ഭാഗവും തകർന്ന് കിടക്കുന്നത് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഗതാഗതക്കുരുക്കും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.