അപകടക്കെണിയൊരുക്കി മഞ്ചേരിയിലെ റോഡുകൾ
text_fieldsമഞ്ചേരി: ജല അതോറിറ്റിയുടെ പൈപ്പിടാൻ നഗരത്തിലെ റോഡുകൾ കീറിമുറിച്ചതോടെ ദുരിതത്തിലായി യാത്രക്കാർ. മേലാക്കത്ത് തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ലോറി കുഴിയിൽ താഴ്ന്നു. കന്നുകാലികളുമായി നിലമ്പൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ഇത് നിലമ്പൂര്‍-അരീക്കോട് റോഡില്‍ ഗതാഗതക്കുരുക്കിനും ഇടയാക്കി. അഗ്നിരക്ഷ സേനയും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് ലോറി മാറ്റിയത്.
കുഴികള്‍ കൃത്യമായി മൂടാത്തതാണ് അപകടത്തിന് കാരണം. താൽക്കാലികമായി ക്വാറി അവശിഷ്ടങ്ങളും മറ്റും കുഴികളിൽ നിറച്ചിട്ടുണ്ടെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. മഴക്കാലമായതോടെ ചളിയും ദുരിതം സൃഷ്ടിക്കുന്നു.
സെൻട്രൽ ജങ്ഷൻ മുതൽ നെല്ലിപ്പറമ്പ് വരെ റോഡിെൻറ ഒരുഭാഗം പൂർണമായും കീറിയ നിലയിലാണ്. ഇതോടെ റോഡിന് വീതി കുറഞ്ഞതും ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്. കുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. പ്രവൃത്തിക്കായി വഴിയരികില്‍ പൈപ്പുകള്‍ കൂട്ടിയിടുന്നതും മണ്ണും മറ്റും നീക്കാത്തതും സ്കൂട്ടറുകളടക്കമുള്ള ചെറു വാഹനങ്ങള്‍ക്കും ഭീഷണിയാണ്. മലപ്പുറം, കോഴിക്കോട് റോഡുകളും പൈപ്പിടാനായി കീറിയിട്ടുണ്ട്.റോഡിെൻറ തകർച്ച കാരണം പലരും യാത്രക്കായി നഗരത്തോട് ചേർന്ന മറ്റു റോഡുകളെയാണ് ആശ്രയിക്കുന്നത്.
റോഡ് ശോച്യാവസ്ഥ: യൂത്ത് കോൺഗ്രസ് പരാതി നൽകി
മഞ്ചേരി: നഗരത്തിലെ പാലക്കുളം-മംഗലശ്ശേരി റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മേഖല കമ്മിറ്റി നഗരസഭ ചെയർപേഴ്സനും സെക്രട്ടറിക്കും പരാതി നൽകി. ദിനംപ്രതി നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് തകർന്നിട്ട് മാസങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ല.
റോഡിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലമായതോടെ ഗതാഗതം ദുഷ്കരമാണ്. ഇതോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിയന്തര നടപടി ആവശ്യപ്പെട്ട് നഗരസഭാ അധികൃതരെ സമീപിച്ചത്. റോഡ് നന്നാക്കാൻ നടപടി ഇല്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. കെ. ഷമീൽ, അക്തർ സാലി, അലി മാടായി, റാഷിദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.