മഴ മാറിയാൽ മഞ്ചേരിയിലെ റോഡുകൾ ടാർ ചെയ്യും -മന്ത്രി റിയാസ്
text_fieldsമഞ്ചേരി: മഴ മാറിയാൽ മഞ്ചേരി നഗരത്തിലെ റോഡുകൾ ടാറിങ് നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മഞ്ചേരിയിലെ റോഡ് തകർച്ച മന്ത്രി നേരിട്ടെത്തി വിലയിരുത്തി. റോഡുകളുടെ അവസ്ഥ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിപാടിക്കെത്തിയ മന്ത്രിയുടെ ശ്രദ്ധയിൽ യു.എ. ലത്തീഫ് എം.എൽ.എ പെടുത്തിയതോടെയാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്. ഉച്ചക്ക് മൂന്നോടെ ജസീല ജങ്ഷനിൽ എത്തിയ മന്ത്രി സെൻട്രൽ ജങ്ഷൻ വരെ കാൽനടയായി റോഡുകളുടെ ശോച്യാവസ്ഥ കണ്ട് മനസ്സിലാക്കി.
പിന്നീട് എം.എൽ.എ ഓഫിസിലെത്തി പൊതുമരാമത്ത് വകുപ്പ്, ജലഅതോറിറ്റി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കാലാവസ്ഥ അനുകൂലമായാൽ നിലവിൽ പൈപ്പ് ലൈൻ സ്ഥാപിച്ച ഭാഗങ്ങൾ ടാറിങ് നടത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർേദശം നൽകി. പുരോഗതി വിലയിരുത്താൻ മന്ത്രിയുടെ ഓഫിസ് ഇടപെടുമെന്നും പറഞ്ഞു. ഇതിന് പുറമെ ടാറിങ് പൂർത്തിയാക്കിയതിനുശേഷം മാത്രമേ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതായി റോഡ് കീറിയാൽ മതിയെന്നും ജല അതോറിറ്റി വകുപ്പിന് നിർദേശം നൽകി. ജലഅതോറിറ്റിയുടെ പ്രോജക്ട് ഡിവിഷൻ വിഭാഗം യോഗത്തിന് എത്താത്തതിൽ മന്ത്രി അതൃപ്തി രേഖപ്പെടുത്തി. മഞ്ചേരി നഗരത്തിലെ പ്രധാന റോഡുകളെല്ലാം പൊട്ടിപൊളിഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജല അതോറിറ്റിയുടെ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് കീറിയതോടെയാണ് നഗരത്തിലെ റോഡുകൾ പൊളിഞ്ഞത്.
സെൻട്രൽ ജങ്ഷൻ മുതൽ നെല്ലിപറമ്പ് വരെയും മലപ്പുറം റോഡും കോഴിക്കോട് റോഡും തകർന്ന കൂട്ടത്തിൽപെടും. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർപേഴ്സൻ അഡ്വ. ബീന ജോസഫ്, കൗൺസിലർമാരായ വി.പി. ഫിറോസ്, ആറുവീട്ടിൽ സുലൈമാൻ, യു. മൂസാൻകുട്ടി, റിയാസ് ബാബു, അഷ്റഫ് കാക്കേങ്ങൽ. സി.പി.എം ഏരിയ കമ്മിറ്റി അംഗം അഡ്വ. കെ. ഫിറോസ് ബാബു, ലോക്കൽ സെക്രട്ടറി കെ. ഉബൈദ്, രാജൻപരുത്തിപ്പറ്റ, കെ.പി. രാവുണ്ണി എന്നിവർ മന്ത്രിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.