ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ; തൃക്കലങ്ങോട്ടെ വഴിയോര വിശ്രമകേന്ദ്രം വിശ്രമത്തിൽ തന്നെ
text_fieldsമഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും തൃക്കലങ്ങോട് പഞ്ചായത്ത് നിർമിച്ച വഴിയോര വിശ്രമകേന്ദ്രം നോക്കുകുത്തി. 15 ലക്ഷം രൂപ വിനിയോഗിച്ചാണ് മരത്താണിയിൽ നിലമ്പൂർ റോഡിനോട് ചേർന്ന് കെട്ടിടം നിർമിച്ചത്. മേയ് 26നാണ് മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ഷാഹിദ മുഹമ്മദ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. പിന്നീട് പഞ്ചായത്ത് അധികൃതർ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. കാടുമൂടിയ കേന്ദ്രം ഇപ്പോൾ തെരുവുനായ്ക്കളുടെയും വിഹാര കേന്ദ്രമായി. യു.ഡി.എഫ് ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതിനാൽ നിർമാണ പ്രവൃത്തി പൂർത്തിയാകും മുമ്പേ ഫലകം സ്ഥാപിച്ച് ഉദ്ഘാടനം നടത്തിയെന്ന ആക്ഷേപം ഉയർന്നു. കേന്ദ്രത്തിൽ വൈദ്യുതി കണക്ഷനും വെള്ളവും എത്തിക്കുന്നതിന് മുമ്പായിരുന്നു ഉദ്ഘാടനം. സംസ്ഥാന സർക്കാർ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലും യാത്രക്കാർക്ക് ഉപകാരപ്രദമായ രീതിയിൽ വഴിയോര വിശ്രമ കേന്ദ്രം നിർമിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് മരത്താണിയിലും വിശ്രമകേന്ദ്രം നിർമിച്ചത്.
ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ പണി പൂർത്തീകരിക്കാതെ പ്രസിഡന്റ് കസേര ഒഴിയുന്നതിന് മുന്നേ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നുവെന്നും പിന്നീട് പ്രവർത്തനങ്ങൾ നടക്കുകയോ ജനങ്ങൾക്ക് വേണ്ടി തുറന്നുകൊടുക്കുകയോ ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ അംഗം ജസീർ കുരിക്കൾ പറഞ്ഞു.
വെള്ളവും വൈദ്യുതിയും എത്തിക്കാൻ നടപടി സ്വീകരിക്കും -പ്രസിഡന്റ്
മഞ്ചേരി: മരത്താണിയിലെ വഴിയോര വിശ്രമകേന്ദ്രത്തിൽ അടിയന്തരമായി വെള്ളവും വൈദ്യുതി എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. മഞ്ജുഷ പറഞ്ഞു.
ഇക്കാര്യം വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ ചർച്ച ചെയ്തു. വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബിക്ക് നേരത്തെ കത്ത് നൽകിയിരുന്നു. രണ്ട് ദിവസത്തിനകം വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കുഴൽ കിണർ സ്ഥാപിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന് സമയമെടുക്കുമെന്നതിനാൽ വാഹനത്തിൽ വെള്ളം എത്തിക്കും. നടത്തിപ്പ് ചുമതല കുടുംബശ്രീക്ക് നൽകാനും ആലോചനയുണ്ട്. നിർമാണ പ്രവൃത്തികൾ പൂർത്തിയായതിന് ശേഷം വഴിയോര വിശ്രമ കേന്ദ്രം വീണ്ടും ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുനൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.