തൃക്കലങ്ങോട്ടെ വഴിയോര വിശ്രമകേന്ദ്രത്തിന് വീണ്ടും ‘ഉദ്ഘാടനം’
text_fieldsമഞ്ചേരി: തൃക്കലങ്ങോട് മരത്താണിയിലെ വഴിയോര വിശ്രമകേന്ദ്രം ‘തുറന്നു’ നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മാറുന്നതിന് മുന്നോടിയായി ഉദ്ഘാടനം നടത്തിയ കേന്ദ്രമാണ് വീണ്ടും താക്കോൽദാനം നടത്തി ഉദ്ഘാടന ചടങ്ങാക്കി മാറ്റിയത്. ബുധനാഴ്ച വൈകീട്ട് നാലിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.കെ. മഞ്ജുഷ നടത്തിപ്പ് ചുമതലക്കാരി മറിയം കുട്ടി ജോസിന് താക്കോൽ കൈമാറി. ഇതോടെ ഒരുപദ്ധതിക്ക് തന്നെ രണ്ട് ഉദ്ഘാടനം നടത്തിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നു.
25 ലക്ഷം രൂപ വിനിയോഗിച്ച് മരത്താണിയിൽ നിലമ്പൂർ റോഡിനോട് ചേർന്നാണ് കെട്ടിടം നിർമിച്ചത്. കഴിഞ്ഞ മേയ് 26നാണ് മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ഷാഹിദ മുഹമ്മദ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. യു.ഡി.എഫ് ധാരണപ്രകാരം മേയ് 25നാണ് മുസ്ലിം ലീഗ് അംഗം എൻ.പി. ഷാഹിദ മുഹമ്മദ് സ്ഥാനം ഒഴിഞ്ഞത്. തുടർന്ന് കോൺഗ്രസ് അംഗം യു.കെ. മഞ്ജുഷ സ്ഥാനമേൽക്കുകയും ചെയ്തു.
അതേസമയം, കേന്ദ്രം വീണ്ടും ഉദ്ഘാടനം ചെയ്തതിനെതിരെ മുൻ പ്രസിഡന്റ് രംഗത്തെത്തി. താൻ പ്രസിഡന്റ് പദവി ഒഴിയുന്നതിന് മുമ്പ് വലിയ ചടങ്ങുകളില്ലാതെയാണ് ഉദ്ഘടനം നടത്തിയതെന്നും 15 ദിവസം കൊണ്ട് ഇത് പൂർണമായി തുറക്കാമായിരുന്നുവെന്നും ഷാഹിദ മുഹമ്മദ് പറഞ്ഞു. വൈദ്യുതിയും വെള്ളവും എത്തിക്കാൻ എല്ലാ തീരുമാനവും എടുത്ത് കരാർ വെച്ച് 15 ദിവസം കൊണ്ട് പൂർണമായും തുറക്കാമായിരുന്നു. എന്നാൽ മാസങ്ങൾ നീണ്ടുപോയത് ചിലരുടെ താൽപര്യമായിരുന്നുവെന്ന് മുൻ പ്രസിഡന്റ് കുറ്റപ്പെടുത്തി. തനിക്ക് അതിൽ പ്രയാസമില്ലെന്നും അവർ പറഞ്ഞു.
കേന്ദ്രത്തിൽ വൈദ്യുതി കണക്ഷനും വെള്ളവും എത്തിക്കുന്നതിന് മുമ്പായിരുന്നു ഉദ്ഘാടനം. പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാർ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലും യാത്രക്കാർക്ക് ഉപകാരപ്രദമായ രീതിയിൽ വഴിയോര വിശ്രമകേന്ദ്രം നിർമിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് മരത്താണിയിലും വിശ്രമകേന്ദ്രം നിർമിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്ക്കർ ആമയൂർ, സ്ഥിരം സമിതി അധ്യക്ഷ രായ ഷിഫാന ബഷീർ, സീന രാജൻ, മെംബർമാരായ സിമിലി കാരയിൽ, പി. സാബിറ യു.ഡി.എഫ് ചെയർമാൻ എൻ.വി. മരക്കാർ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എലമ്പ്ര ബാപ്പുട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിജീഷ് എളങ്കൂർ, തൃക്കലങ്ങോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് യൂസുഫ് മേച്ചേരി, വൈസ് പ്രസിഡന്റ് സാബു സബാസ്റ്റ്യൻ, മജീദ് പാലക്കൽ, നസീർ പന്തപ്പാടൻ എന്നിവർ സംബന്ധിച്ചു.
‘വീണ്ടും ഉദ്ഘാടനം ചെയ്തില്ല’
മഞ്ചേരി: മരത്താണിയിലെ വഴിയോര വിശ്രമ കേന്ദ്രം വീണ്ടും ഉദ്ഘാടനം ചെയ്തില്ലെന്നും പൊതുജനങ്ങൾക്കായി തുറന്നുനൽകുകയാണ് ചെയ്തതെന്നും തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. മഞ്ജുഷ പറഞ്ഞു. കഴിഞ്ഞ മേയ് മാസത്തിൽ ഫലകം സ്ഥാപിച്ചിരുന്നു. അത് ഉദ്ഘാടനമാണെന്ന് പറയാൻ പറ്റില്ല. കേന്ദ്രം അടഞ്ഞ് കിടക്കുകയായിരുന്നു. തുറന്നത് പൊതുജനങ്ങൾ അറിയാൻ വേണ്ടിയാണ് വീണ്ടും ചടങ്ങ് നടത്തിയത്. കേന്ദ്രം പ്രവർത്തിക്കുന്നതിനാവശ്യമായ വെള്ളം വാഹനത്തിൽ എത്തിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.