മെഡിക്കൽ കോളജ് വളപ്പിലെ ചന്ദന മോഷണം; കേസെടുക്കാതെ പൊലീസും വനം വകുപ്പും
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ചന്ദനമരം മുറിച്ചുകടത്തിയ സംഭവത്തിൽ കേസെടുക്കാതെ പൊലീസും വനംവകുപ്പും. മോഷണം നടന്ന് ഒരുമാസത്തോട് അടുത്തിട്ടും ആര് കേസെടുക്കണമെന്ന സംശയത്തിലാണ് ഇരുവകുപ്പുകളും. കഴിഞ്ഞ മാസം 20ന് രാത്രിയാണ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനോട് ചേർന്നുള്ള സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറിന് സമീപത്തുള്ള മരം മോഷണം പോയത്.
15 വർഷം പഴക്കമുള്ള ചന്ദനമരമാണ് മുറിച്ചുകടത്തിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജ് പൊലീസിലും വനം വകുപ്പിലും പരാതി നൽകിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയും വിവരം അറിയിച്ചു.
പരാതി ലഭിച്ചെങ്കിലും നഷ്ടപ്പെട്ടത് ചന്ദനം ആയതിനാൽ കേസെടുക്കേണ്ടത് വനം വകുപ്പാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പൊലീസിന് മോഷണക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യാമെന്ന് വനംവകുപ്പ് അധികൃതരും പറയുന്നു.
പൊലീസ് കേസെടുത്ത ശേഷം നഷ്ടപ്പെട്ടത് ചന്ദനം ആണെന്ന റിപ്പോർട്ടോടെ കേസ് തങ്ങൾക്ക് കൈമാറുകയാണ് വേണ്ടതെന്ന നിലപാടിലാണ് വനംവകുപ്പ് ഓഫിസിലെ ജീവനക്കാർ. പരസ്പരം പഴിചാരി ഇരുവകുപ്പുകളും അന്വേഷണം നടത്താതെ നടപടികൾ വൈകിപ്പിക്കുകയാണ്.
സർക്കാർ ഭൂമിയിൽനിന്ന് ചന്ദനം മരം മുറിച്ച് കടത്തിയിട്ട് ഒരു കേസ് പോലും രജിസ്റ്റർ ചെയ്യാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്ലാൻറിലെ ജീവനക്കാരാണ് മരം മുറിച്ചുകടത്തിയ വിവരം ആദ്യം അറിയുന്നത്. ഇവർ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അവധി ദിവസം ആയതിനാൽ ഇത് മുതലെടുത്താണ് മോഷണം നടന്നത്. മോഷ്ടാക്കൾ പകൽ സമയത്ത് മരം കണ്ടുവെച്ച് രാത്രിയിലെത്തി മുറിച്ച് കടത്തിയതാവാമെന്ന് കരുതുന്നു. യന്ത്രം ഉപയോഗിച്ചാണ് മരം മുറിച്ചത്. മരത്തിന്റെ താഴ്ഭാഗത്ത് നിന്ന് മണ്ണ് നീക്കി കുഴിയെടുത്ത നിലയിലായിരുന്നു. മരത്തിന്റെ ചില്ലകൾ ഇവിടെ തന്നെ ഉപേക്ഷിച്ചുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.