മെഡിക്കൽ കോളജിന് തിരിച്ചടി; ഭൂമിയേറ്റെടുക്കാനുള്ള ഉത്തരവ് ഹൈകോടതി റദ്ദാക്കി
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടിക്ക് തിരിച്ചടി. ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് സമീപത്തെ 2.81 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഭൂവുടമകളായ കെ.സി. നന്ദിനി തമ്പാട്ടി, സാസിബ് പുതുശ്ശേരി, എ. അബ്ദുൽ മുനീർ എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ ഉത്തരവ്.
കഴിഞ്ഞ ആഗസ്റ്റ് 23ന് ഹൈകോടതി സ്ഥലമേറ്റെടുക്കൽ നടപടി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. സ്ഥലമേറ്റെടുക്കുന്നതിന് മുന്നോടിയായി കണ്ണൂർ ഇരിട്ടി ഡോൺബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിന്റെ നേതൃത്വത്തിൽ നടത്തിയ സാമൂഹികാഘാത റിപ്പോർട്ട് സർക്കാർ പരിഗണിച്ചില്ലെന്നും ഉത്തരവിലുണ്ട്.
വിദഗ്ധ സമിതി നടത്തിയ സാമൂഹികാഘാത പഠനറിപ്പോർട്ടിൽ ഭൂമി ഏറ്റെടുക്കുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പ്രദേശത്ത് വെള്ളം കെട്ടിനിൽക്കാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മെഡിക്കൽ കോളജ് വികസനത്തിന് വേട്ടേക്കോട്ട് 50 ഏക്കർ ഭൂമി വിട്ടുനൽകാൻ ഉടമകൾ സന്നദ്ധത അറിയിച്ചിരുന്നു. 25 ഏക്കർ സൗജന്യമായും 25 ഏക്കർ സർക്കാർ നിശ്ചയിക്കുന്ന വിലക്ക് നൽകാനുമാണ് സന്നദ്ധത അറിയിച്ചിരുന്നത്. ഇക്കാര്യം സർക്കാർ പരിഗണിച്ചില്ലെന്നും വിധിയിലുണ്ട്. ആവശ്യമെങ്കിൽ ഈ സ്ഥലത്തിന്റെ സാമൂഹികാഘാത പഠനം നടത്തണമെന്നും കോടതി നിർദേശിച്ചു.
ഭൂമി ഏറ്റെടുക്കുന്നതിനായി മൂന്നു വർഷം മുമ്പ് സർക്കാർ 13.5 കോടി രൂപ അനുവദിച്ചിരുന്നു. ട്രോമാ കെയർ ബ്ലോക്ക്, സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്, അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രി, സർജിക്കൽ ബ്ലോക്ക്, ആധുനിക അർബുദ ചികിത്സവിഭാഗം, മാലിന്യനിർമാർജനശാല എന്നിവ സജ്ജമാക്കാനാണ് ഭൂമി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നത് പ്രതിസന്ധിയിലായാൽ ആശുപത്രിയുടെ അംഗീകാരത്തെയും ബാധിക്കും. ഹരജിക്കാർക്കുവേണ്ടി അഡ്വ. ബാബു എസ്. നായർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.