നഷ്ടമായത് ഏഴ് ആടുകൾ; കണ്ണുനിറഞ്ഞ് കരീം
text_fieldsഫാമിനരികെ കരീം
മഞ്ചേരി: തന്റെ വളർത്തുമൃഗങ്ങളുടെ അപ്രതീക്ഷിതമായ നഷ്ടം വിവരിക്കുമ്പോൾ കരീമിന്റെ കണ്ണുനിറഞ്ഞു. മക്കളെപോലെ പരിപാലിച്ച അരുമയായ ഏഴ് ആടുകളെയും പുലി കടിച്ചുകൊന്നതിന്റെ ഭീതി ആ മുഖത്തുണ്ടായിരുന്നു. മൂന്നെണ്ണം പാൽചുരത്തുന്നതും മൂന്നെണ്ണം ഗർഭിണികളും ഉൾപ്പെടെ ഏഴ് ആടുകളെയാണ് പുലിയുടെ ആക്രമണത്തിൽ നഷ്ടമായത്. ചൊവ്വാഴ്ച രാത്രിയും തീറ്റയും വെള്ളവുമെല്ലാം നൽകിയശേഷമാണ് കരീം ഫാമിൽനിന്ന് മടങ്ങിയത്. ബുധനാഴ്ച രാവിലെ ഏഴോടെ ഫാമിലേക്ക് എത്തിയപ്പോൾ കണ്ട കാഴ്ച ഉള്ളുലക്കുന്നതായിരുന്നു.
വന്യജീവി ആക്രമണമുള്ള പ്രദേശമല്ല ഇത്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു നഷ്ടം പ്രതീക്ഷിച്ചിരുന്നില്ല. നേരത്തെ പലചരക്ക് കച്ചവടവും മരക്കച്ചവടവും ചെയ്തിരുന്ന ഇദ്ദേഹം അഞ്ച് വർഷം മുമ്പാണ് ഫാം ആരംഭിച്ചത്. വീടിനോട് ചേർന്ന് കൂടൊരുക്കുകയും ചെയ്തു. ഫാമിൽനിന്നും ആടുകളെ വാങ്ങാൻ ആളുകൾ എത്തിയപ്പോഴും പലപ്പോഴും വിൽപന നടത്താൻ കരീം തയാറായിരുന്നില്ല. മേൽനോട്ടത്തിനായി അതിഥി തൊഴിലാളി കുടുംബത്തെ ചുമതലപ്പെടുത്തിയിരുന്നു. പുലിയുടെ ആക്രമണത്തിൽ ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ആദ്യം ഒരു കൂട്ടിലെ മൂന്ന് ആടുകൾ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. സമീപത്തെ രണ്ട് കൂടുകളിൽ നോക്കിയപ്പോൾ ഒമ്പത് ആടുകൾക്ക് മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത കൂട്ടിൽ നാല് ആടുകൾ ചത്ത നിലയിലാണ് കാണപ്പെട്ടത്. ഒരു ആടിന്റെ വയർ കീറിയ നിലയിലായിരുന്നു. ഇതോടെ വന്യജീവിയുടെ ആക്രമണം മൂലമാണ് ചത്തതെന്ന് മനസ്സിലായത്. രാത്രി 11.56ന് എത്തിയ പുലി 10 മിനിറ്റിനകം തന്റെ ആടുകളെ കൊന്ന് മടങ്ങിയെന്നും കരീം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.