മഞ്ചേരിയിലെ ജലസ്രോതസ്സുകളിലേക്ക് മലിനജലം ഒഴുക്കിയാൽ പിടിവീഴും
text_fieldsമഞ്ചേരി: നഗരസഭ പരിധിയിലെ ജലസ്രോതസ്സുകളിലേക്കും അഴുക്കുചാലിലേക്കും മലിനജലം ഒഴുക്കിയാൽ കർശന നടപടി സ്വീകരിക്കാൻ കൗൺസിൽ തീരുമാനം. മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണിത്. നഗരത്തിലെ പ്രധാന തോടുകളിലേക്കും നഗരത്തിലെ അഴുക്കുചാലുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിൽനിന്ന് മലിനജലം ഒഴുക്കിവിടുന്നുണ്ട്. ഇത് കണ്ടെത്തി നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചിരുന്നു.
എന്നാൽ, ഇവ വീണ്ടും തുറന്ന് മലിനജലം തോട്ടിലേക്ക് ഒഴുക്കുകയാണ്. ഇതിന് പുറമെ കച്ചവട സ്ഥാപനങ്ങളിൽനിന്ന് മാലിന്യം കവറുകളിലാക്കിയും ഓടകളിലേക്ക് തള്ളിവിടുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൻ വി.എം. സുബൈദ പറഞ്ഞു. കുറ്റക്കാർക്ക് ഭീമമായ സംഖ്യ പിഴ ഈടാക്കും. മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയാൽ അവയുടെ ലൈസൻസ് പുതുക്കി നൽകില്ല. ഇത്തരം സ്ഥാപനങ്ങളുടെ പേരുകൾ പത്രമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താനും യോഗം തീരുമാനിച്ചു.
ചാലിക്കൽ തോട്ടിൽ മലിനജലം കെട്ടിക്കിടക്കുന്നിതനാൽ കൊതുക് ശല്യം രൂക്ഷമാണെന്ന് വാർഡ് കൗൺസിലർ ചൂണ്ടിക്കാട്ടി. മഴക്കാലത്തിനുമുമ്പ് വാർഡുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തി നടത്താനും തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ മരുന്നൻ മുഹമ്മദ്, ടി.എം. നാസർ, വല്ലാഞ്ചിറ ഫാത്തിമ, സി. സക്കീന, ജസീനാബി അലി, കൗൺസിലർമാരായ അഡ്വ. പ്രേമ രാജീവ്, ഹുസൈൻ മേച്ചേരി, ഹെൽത്ത് സൂപ്പർവൈസർ പി. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.