ഭിന്നശേഷിക്കാർക്ക് സവിശേഷ തിരിച്ചറിയല്‍ കാർഡ്: രാജ്യത്തെ ആദ്യ നഗരസഭയാകാൻ മഞ്ചേരി
text_fieldsമഞ്ചേരി: ഭിന്നശേഷിക്കാർക്ക് സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി) നൽകുന്ന രാജ്യത്തെ ആദ്യ നഗരസഭയാകാൻ മഞ്ചേരി ഒരുങ്ങുന്നു.
പ്രഖ്യാപനം ശനിയാഴ്ച രാവിലെ പത്തിന് നഗരസഭ ഓഫിസ് പരിസരത്ത് അഡ്വ.യു.എ. ലത്തീഫ് എം.എൽ.എ നിർവഹിക്കുമെന്ന് നഗരസഭ അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തന്മുദ്ര ഭിന്നശേഷി സർവേ റിപ്പോർട്ട് ജില്ല കലക്ടടർ വി.ആർ. വിനോദ് പ്രകാശനം ചെയ്യും.
നഗരസഭ പരിധിയില്‍ നടത്തിയ സര്‍വേയില്‍ 1207 ഭിന്നശേഷിക്കാരെ കണ്ടെത്തി യു.ഡി.ഐ.ഡിയിൽ രജിസ്റ്റർ ചെയ്യിച്ചു. ഇതിൽ 721പേർ പുരുഷന്മാരാണ്. 18 വയസ്സിന് മുകളിലുള്ള 972 പേരുമുണ്ട്.
നഗരസഭയിലെ ജനപ്രതിനിധികൾ, അംഗൻവാടി പ്രവർത്തകർ, ആശ പ്രവർത്തകർ, എൻ.എസ്.എസ് വളൻറിയർമാർ തുടങ്ങിവർക്കെല്ലാം പരിശീലനം നൽകിയ ശേഷമായിരുന്നു യു.ഡി.ഐ.ഡി പോർട്ടലിലെ രജിസ്ട്രേഷൻ നടപടികൾ. ഭിന്നശേഷി സര്‍വേ ആയ ‘തന്മുദ്ര’ വഴി അംഗൻ വാടി പ്രവര്‍ത്തകര്‍ മുഖേന ശേഖരിച്ച വിവരങ്ങൾ വിവിധ കോളജുകളിലെ എന്‍.എസ്.എസ് വളന്റിയര്‍മാരുടെ സഹകരണത്തോടെ വെബ്സൈറ്റിലേക്ക് ചേര്‍ത്തു.
മൂന്ന് തവണ കെ.എസ്.എസ്.എം സഹകരണത്തോടെ യു.ഡി.ഐ.ഡി അദാലത്തുകളും രണ്ട് തവണ പ്രത്യേക മെഡിക്കൽ ബോർഡ് ചേർന്ന് ഭിന്നശേഷി സ്ക്രീനിങ്ങും നടത്തി. ഭിന്നശേഷിക്കാര്‍, വാര്‍ഡ്, ഭിന്നശേഷി തോത്, പ്രായം, തുടങ്ങി ആധികാരിക വിവരങ്ങള്‍ ഇനി നഗരസഭ രേഖയിലുണ്ടാകും. ഇത് മുന്നോട്ടുള്ള പദ്ധതി പ്രവര്‍ത്തനത്തിനും ആസൂത്രണത്തിനും മുതല്‍കൂട്ടാകും.
ഭിന്നശേഷി മേഖലയിൽ ഓരോ വർഷവും വിവിധ പദ്ധതികളും നഗരസഭ നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകാൻ ഒരു കോടി രൂപയാണ് ചെലവഴിക്കുന്നത്.
അവർക്ക് വേണ്ട സഹായ ഉപകരണങ്ങൾ നൽകൽ, മുച്ചക്ര വാഹന വിതരണം തുടങ്ങിയവയും നടപ്പിലാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ എം. എൽസി, യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, എൻ.കെ. ഖൈറുന്നീസ, സെക്രട്ടറി എച്ച്. സിമി, കൗൺസിലർ മരുന്നൻ മുഹമ്മദ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ ജില്ല കോഓഡിനേറ്റർ ജിഷോ ജെയിംസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.