മെഡിക്കല്‍ കോളജില്‍ കൃത്രിമാവയവ കേന്ദ്രം കാര്യക്ഷമമാക്കാൻ നടപടി
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജാശുപത്രിയിലെ ആർട്ടിഫിഷ്യൽ ലിംബ് ഫിറ്റിങ് സെന്ററിന്റെ പ്രവർത്തനം (കൃത്രിമാവയവ നിർമാണകേന്ദ്രം) കാര്യക്ഷമമാക്കാൻ നടപടി. ഇതിന്റെ ഭാഗമായി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. കേന്ദ്രം സൗകര്യപ്രദമായ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആൺകുട്ടികളുടെ ഹോസ്റ്റൽ പ്രവർത്തിക്കുന്ന പ്രി ഫാബ് കെട്ടിടത്തിലാകും സൗകര്യം ഒരുക്കുക. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ 50 ലക്ഷം രൂപയുടെ പദ്ധതിയാണ് തയാറാക്കിയത്. ഭരണാനുമതിയും ഫണ്ടും ലഭിച്ചാലുടൻ കെട്ടിടം വിപുലീകരിച്ച് ഇവിടെ ലിംബ് ഫിറ്റിങ് സെന്റർ പ്രവർത്തനമാരംഭിക്കും. നേരത്തെ ബി ബ്ലോക്കിന് മുൻവശത്തെ പഴയ കെട്ടിടത്തിലായിരുന്നു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. വികസനഭാഗമായി ഈ കെട്ടിടം പൊളിച്ചിരുന്നു. ഇപ്പോൾ ആശുപത്രിയിലെ ഒറ്റമുറിയിലാണ് ലിംബ് ഫിറ്റിങ് സെന്റർ പ്രവർത്തിക്കുന്നത്. ഇവിടെ സൗകര്യങ്ങൾ പരിമിതമായതിനാൽ അംഗപരിമിതർക്കും മറ്റും കേന്ദ്രത്തിന്റെ സേവനം കാര്യമായി ലഭിക്കുന്നില്ല.
പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറുമ്പോൾ കൂടുതൽ പേർക്ക് കൃത്രിമാവയവങ്ങൾ കുറഞ്ഞ ചെലവിൽ നിർമിച്ച് നൽകാൻ കഴിയും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി വാഹനാപകടത്തിലും മറ്റും കൈ, കാൽ, കാൽപാദം, കൈപ്പത്തി എന്നിവ നഷ്ടമായവരും രോഗങ്ങൾ ബാധിച്ച് കാൽ മുറിച്ചവരുമടക്കം ഒട്ടേറെപേർ കൃത്രിമ അവയവങ്ങൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയെ സമീപിക്കുന്നുണ്ട്. എന്നാൽ, കൂടുതൽപേർക്ക് അവയവങ്ങൾ നിർമിക്കാനും ഫിറ്റ് ചെയ്തുനൽകാനും നിലവിൽ സൗകര്യമില്ല. കേന്ദ്രത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് ടെക്നീഷ്യൻമാരും മാത്രമാണുള്ളത്. പുതിയ കെട്ടിടം പണിയാൻ സ്ഥലം ലഭ്യമല്ലാത്തതിനാലാണ് താത്കാലിക സംവിധാനം ഒരുക്കുന്നത്.
അപേക്ഷകരിൽ നിന്ന് രജിസ്ട്രേഷൻ ഫീസ് ഈടാക്കും. രോഗിയെ പരിശോധിച്ച ശേഷം ആവശ്യമായ അളവിൽ കൃത്രിമ അവയവങ്ങൾ നിർമിക്കും. പിന്നീട് അഡ്മിറ്റ് ചെയ്ത് അവയവം ഫിറ്റ് ചെയ്ത് നൽകും. ശേഷം അവരെ നടക്കാൻ പ്രാപ്തരാക്കിയ ശേഷം ഡിസ്ചാർജ് ചെയ്യുന്ന രീതിയിലാകും കേന്ദ്രത്തിന്റെ പ്രവർത്തനം. പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നതോടെ കൂടുതൽ ഡോക്ടർമാരെയും ടെക്നീഷ്യൻമാരെയും നിയമിക്കുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.