മഞ്ചേരിയിലെ തെരുവുനായ് ശല്യം: അടിയന്തര യോഗം ഇന്ന്
text_fieldsമഞ്ചേരി: നഗരത്തിൽ തെരുവുനായ് ശല്യം വർധിച്ചതോടെ നഗരസഭ അടിയന്തര യോഗം വിളിച്ചു. കഴിഞ്ഞദിവസം 13 പേരെ കടിച്ച നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. വെള്ളിയാഴ്ച രാവിലെ10.30ന് കൗൺസിൽ ഹാളിൽ നടക്കുന്ന യോഗത്തിൽ ആരോഗ്യവകുപ്പ്, റവന്യൂ വിഭാഗം, കലക്ടറേറ്റ് ജീവനക്കാർ, വെറ്ററിനറി ഡോക്ടർ, നഗരസഭ ജീവനക്കാർ, കൗൺസിലർമാർ എന്നിവർ പങ്കെടുക്കും.
അത്യാഹിത വിഭാഗം, മെഡിക്കൽ കോളജ് ഹോസ്റ്റൽ പരിസരം, ചന്തക്കുന്ന്, കവളങ്ങാട്, ബൈപാസ് തുടങ്ങിയ ഇടങ്ങളിലാണ് നായ്ക്കൾ ഭീതി പരത്തുന്നത്. കോളജ്, ചന്തക്കുന്ന് പരിസരത്തുനിന്നാണ് രണ്ട് ദിവസങ്ങളിലായി 13 പേർക്ക് കടിയേറ്റത്. കോളജ് വിദ്യാർഥികൾക്കും ജീവനക്കാർക്കും പ്രി എക്സ്പോഷൽ വാക്സിൻ നൽകുന്നത് പരിഗണിച്ചെങ്കിലും വാക്സിൻ ക്ഷാമം നേരിടുന്നതിനാൽ നിർബന്ധമാക്കില്ല. നായ്ക്കളെ പിടികൂടി വാക്സിൻ നൽകുന്നതാണ് മറ്റൊരു മാർഗം.
എന്നാൽ, പിടികൂടി നിരീക്ഷണത്തിൽ വെക്കാൻ ഷെൽറ്റർ സംവിധാനം ഇല്ലാത്തത് വെല്ലുവിളിയാകും. ഇക്കാര്യം യോഗത്തിൽ ചർച്ചയായേക്കും.പ്രതിസന്ധി ചർച്ച ചെയ്യാൻ മെഡിക്കൽ കോളജിൽ വ്യാഴാഴ്ച ആരോഗ്യ വകുപ്പ്, വെറ്ററിനറി വകുപ്പ് അധികൃതർ യോഗം ചേർന്നെങ്കിലും തീരുമാനം ഉണ്ടായില്ല. ഇതോടെയാണ് വിപുല യോഗം വിളിക്കാൻ ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.