മെഡി. കോളജിൽ താൽക്കാലിക ജീവനക്കാർക്ക് രണ്ട് മാസമായി ശമ്പളമില്ല
text_fieldsമഞ്ചേരി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ശമ്പളം മുടങ്ങുന്നതിനെതിരെ പ്രതിഷേധവുമായി കേരള ഗവ.ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു). വ്യാഴാഴ്ച രാവിലെ 10ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലേക്ക് മാർച്ച് നടത്തും. നവംബർ പകുതി ആയിട്ടും സെപ്റ്റംബർ, ഒക്ടോബർ മാസത്തെ ശമ്പളം വിതരണം ചെയ്തിട്ടില്ല.
കാരുണ്യ ആരോഗ്യ ഇൻഷുറൻസ് (കാസ്പ്) പദ്ധതിയിലൂടെയും ആശുപത്രി വികസന സൊസൈറ്റിയുടെയും (എച്ച്.ഡി.എസ്) കീഴിൽ നിയമിതരായ 566 താൽക്കാലിക ജീവനക്കാരുടെ വേതനമാണ് മുടങ്ങിയത്. എച്ച്.ഡി.എസിനും കാസ്പിനും കീഴിൽ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, സുരക്ഷാ ജീവനക്കാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ, നഴ്സിങ് അസിസ്റ്റന്റ്, ഇ.സി.ജി ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലുള്ളവർക്കാണ് വേതനം മുടങ്ങിയത്. നിരന്തരം ശമ്പളം മുടങ്ങുന്നതിനെതിരെ ജീവനക്കാർ സൂപ്രണ്ട് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതോടെ സർക്കാർ ഓണക്കാലത്ത് ഒന്നര കോടി രൂപ ആശുപത്രിക്ക് നൽകിയിരുന്നു. ഇത് അന്നത്തെ കുടിശ്ശിക തീർക്കാൻ തികഞ്ഞില്ല.
ചെയ്ത ജോലിക്ക് കൂലി കിട്ടാൻ മാസങ്ങളോളം കാത്തിരിക്കുകയും സമരം ചെയ്ത് കൂലി വാങ്ങേണ്ടി വരികയും ചെയ്യുന്നത് ദയനീയമായ സാഹചര്യമാണെന്ന് യൂനിയൻ ഭാരവാഹികൾ സൂപ്രണ്ടിന് നൽകിയ സമര നോട്ടീസിൽ പറയുന്നു. ഭക്ഷണം അടക്കമുള്ള ദൈനംദിന ചെലവുകൾക്കും യാത്ര കൂലിക്കും പോലും കടം വാങ്ങേണ്ട അവസ്ഥയിലാണ് എല്ലാവരുമെന്ന് ജീവനക്കാർ സൂപ്രണ്ടിനെ അറിയിച്ചു. വിഷയത്തിൽ അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ജീവനക്കാർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.