മഞ്ചേരി ബസ് സ്റ്റാൻഡ് നിർമാണത്തിന് ടെൻഡറായി
text_fieldsമഞ്ചേരി: നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റിയ സ്ഥലത്ത് ആധുനിക രീതിയിലുള്ള വ്യാപാര സമുച്ചയവും ബസ്ബേയും നിർമിക്കാനുള്ള പദ്ധതിക്ക് ടെൻഡറായി. എറണാകുളം ആസ്ഥാനമായ ടി.എ. സേവിയർ ആൻഡ് സൺസ് നിർമാണ കമ്പനിയാണ് ടെൻഡർ എടുത്തത്. ചൊവ്വാഴ്ച ചേരുന്ന അടിയന്തര കൗൺസിൽ യോഗം ടെൻഡറിന് അംഗീകാരം നൽകും. ജനുവരി അവസാനത്തോടെ തറക്കല്ലിടുമെന്ന് ചെയർപേഴ്സൻ വി.എം. സുബൈദ പറഞ്ഞു.
6.95 കോടി രൂപക്കാണ് പ്രവൃത്തി ടെൻഡർ എടുത്തത്. വൈദ്യുതീകരണം ഉൾപ്പടെയുള്ളതിന് പിന്നീട് രണ്ടര കോടിയുടെ പദ്ധതി തയാറാക്കും. മഞ്ചേരി സർവിസ് സഹകരണ ബാങ്കിൽനിന്ന് നിശ്ചിത പലിശ നിരക്കിൽ ഒമ്പത് കോടി രൂപ വായ്പ എടുത്താണ് നിർമാണം നടത്തുക. വായ്പയെടുക്കുന്നതിന് നേരത്തെ സർക്കാർ അനുമതി ലഭിച്ചിരുന്നു.
ബാക്കി തുക പദ്ധതിയിൽ വകയിരുത്തും. കേന്ദ്ര സർക്കാറിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടത്താനും പദ്ധതിയുണ്ട്. ഇതിനായി പ്രൊജക്ട് റിപ്പോർട്ട് (ഡി.പി.ആർ) കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു.
അനുകൂല തീരുമാനം ഉണ്ടായാൽ അമൃത് പദ്ധതിയിൽനിന്ന് വായ്പയായി ലഭിക്കുന്ന തുകയുടെ ബാക്കിയാകും മഞ്ചേരി സർവിസ് സഹകരണ ബാങ്കിൽനിന്ന് വാങ്ങുക. ആദ്യഘട്ടത്തിൽ മൂന്നു നിലകളിൽ കെട്ടിടം പണിയാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിൽ വാണിജ്യകേന്ദ്രങ്ങൾ, ഓപൺ ഓഡിറ്റോറിയം, പാർക്കിങ് ഏരിയ എന്നിവ ഉൾപ്പെടും. കെട്ടിടനിർമാണം പൂർത്തിയായാൽ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന വ്യാപാരികളെ ഇതിലേക്ക് പുനരധിവസിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.