സർക്കാർ കനിഞ്ഞില്ല; മഞ്ചേരിയിൽ ഡയാലിസിസ് കിറ്റ് വിതരണം മുടങ്ങി
text_fieldsമഞ്ചേരി: നഗരസഭയില്‍ ജീവന്‍രക്ഷാ മരുന്നുകളുടെ വിതരണവും ഡയാലിസിസ് രോഗികള്‍ക്കുള്ള കിറ്റ് വിതരണം മുടങ്ങി. നഗരസഭക്ക് സർക്കാർ ഫണ്ട് നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
പ്ലാൻ ഫണ്ടിന് പുറമെ സി.എഫ്.സി ഗ്രാൻറും നഗരസഭക്ക് ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് തന്നെ പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഡ്നി രോഗികള്‍ക്ക് ഡയാലിസിസിനുള്ള കിറ്റ് വിതരണം കൂടുതല്‍ നടക്കുന്ന നഗരസഭയാണ് മഞ്ചേരി.
അവയവമാറ്റം നടത്തി ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ പാടുപെടുന്ന രോഗികള്‍ക്കുള്ള സഹായവും നിലച്ച അവസ്ഥയാണ്. ഇനി തനത് ഫണ്ട് ഉപയോഗിച്ച് പദ്ധതി പൂര്‍ത്തിയാക്കുവാനാണ് നിര്‍ദ്ദേശം.
സംസ്ഥാനത്ത് സി.എഫ്.സി ഫണ്ടുപയോഗിച്ച് ചാലക്കുടിയിലും മഞ്ചേരി നഗരസഭയിലും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച മൊബൈല്‍ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് (എഫ്.എസ്.ടി.പി) ചാലക്കുടിയില്‍ തുടങ്ങിയെങ്കിലും മഞ്ചേരിയില്‍ ആരംഭിച്ചിട്ടില്ല.
മൊബൈല്‍ യൂനിറ്റിനുള്ള വാഹനവും മറ്റു സൗകര്യവും ഒരുക്കിയെങ്കിലും ഫണ്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
നഗരസഭയിലെ മാലിന്യ സംസ്കരണ ഭാഗമായി തയാറാക്കിയ റിങ് കമ്പോസ്റ്റ് പദ്ധതിയും അവതാളത്തിലായി. റിങ് കമ്പോസ്റ്റിനുവേണ്ടി 53 ലക്ഷമാണ് അനുവദിച്ചത്. കഴിഞ്ഞ വർഷത്തെ പദ്ധതികൾ 2024- 25 വർഷത്തെ തുക ഉപയോഗിച്ച് നടപ്പിലാക്കാനും നിർദേശമുണ്ട്.
ഇത് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിനെയും ബാധിക്കും. കഴിഞ്ഞ മാർച്ചിൽ ട്രഷറിയിൽ സമർപ്പിച്ച അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചില ബില്ലുകളും പാസാകാതെ കിടക്കുന്നുണ്ട്.
സി.എഫ്.സി ഫണ്ട് ഉപയോഗിച്ചു ചെയ്യേണ്ട പദ്ധതികള്‍ക്ക് താല്‍ക്കാലികമായിട്ടാണെങ്കിലും നഗരസഭ തനത് ഫണ്ട് ഉപയോഗിക്കുമ്പോള്‍ നഗരസഭയുടെ മറ്റു പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക ഭരണസമിതിക്കുണ്ട്.
ജീവന് രക്ഷാമരുന്നുകളുടെയും ഡയാലിസിസ് കിറ്റുകളുടെയും വിതരണം കൂടുതല്‍ നടക്കുന്ന മഞ്ചേരിയില്‍ അടിയന്തിരമായി ഫണ്ട് അനുവദിക്കണമെന്ന് നഗരസഭാ അധ്യക്ഷ വി.എം.സുബൈദ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.