അവസാനമായി മഞ്ചേരിയിലെത്തിയത് സി.പി.ഐ ജില്ല സമ്മേളനത്തിന്
text_fieldsമഞ്ചേരി: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ അവസാനമായി മഞ്ചേരിയിലെത്തിയത് ജില്ല സമ്മേളനത്തിന്. 2022 സെപ്റ്റംബർ 17, 18, 19 തീയതികളിലായി നടന്ന സമ്മേളനത്തിലാണിത്.
പിന്നീട് ജില്ലയിൽ പാർട്ടിയുടെതന്നെ വേദികളിൽ സജീവമായിരുന്നില്ല. ചുരുക്കം ചില പരിപാടികളിൽ മാത്രമാണ് പങ്കെടുത്തത്. സംസ്ഥാനത്തെ അവസാന ജില്ല സമ്മേളനമായിരുന്നു അന്ന് മഞ്ചേരിയിൽ നടന്നത്.
സംസ്ഥാന സർക്കാറിനെ അടക്കം രൂക്ഷമായി വിമർശിച്ചാണ് സമ്മേളനത്തിന് കൊടിയിറങ്ങിയത്. രണ്ടാം പിണറായി സര്‍ക്കാറിന് മുൻ സർക്കാറിനെക്കാൾ നിലവാരക്കുറവ് സംഭവിച്ചെന്നായിരുന്നു വിമർശനം. പല വകുപ്പുകളുടെയും പ്രവർത്തന നിലവാരം ഉയരുന്നില്ല. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനുപോലും സൽപേര് ഉണ്ടാക്കാനായില്ല. ധനകാര്യം, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കൃഷി, ഗതാഗത വകുപ്പുകള്‍ക്കെതിരെയാണ് പ്രധാനമായും അന്ന് വിമർശനമുയർന്നത്. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രനെതിരെയും വിമർശനമുയർന്നു. സംസ്ഥാന സർക്കാറിനെ അപകീർത്തിപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്ന് കാനം അന്ന് പ്രസ്താവന നടത്തിയിരുന്നു. ഗവർണർക്കെതിരെയും രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. മുന്നണിയിലെ പ്രശ്നങ്ങൾപോലും ഒരു കൂസലും കൂടാതെ തുറന്നടിക്കാനും കാനം മുതിർന്നിരുന്നു. പലപ്പോഴും പ്രതിപക്ഷത്തിനേക്കാൾ മൂർച്ചയുള്ള വാക്കുകൾ ഉപയോഗിച്ചായിരുന്നു അത്. മഞ്ചേരിയിലെ നേതാക്കളുമായി കാനം അടുത്ത ബന്ധം പുലർത്തിയിരുന്നു. പ്രവർത്തകരെ പോലും പേരെടുത്ത് വിളിച്ചിരുന്നതായി നേതാക്കൾ പറഞ്ഞു. സി.പി.ഐ മത്സരിക്കുന്ന ജില്ലയിലെ മണ്ഡലം കൂടിയാണ് മഞ്ചേരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.