പ്രതിഷേധം ഫലം കണ്ടു; ചെട്ടിയങ്ങാടിയിൽ റമ്പിൾ സ്ട്രിപ് സ്ഥാപിക്കുന്നതിന് തുടക്കം
text_fieldsമഞ്ചേരി: നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടിയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെത്തുടർന്ന് റോഡിൽ റമ്പിൾ സ്ട്രിപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. നാട്ടുകാർ റോഡ് ഉപരോധമടക്കം പ്രതിഷേധം ഉയർത്തിയതോടെയാണിത്. കരാർ കമ്പനിയുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്. ഉപരോധത്തെ തുടർന്ന് തഹസിൽദാരുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളെയും നാട്ടുകാരെയും കരാർ കമ്പനി ജീവനക്കാരെയും ഉൾപ്പെടുത്തി യോഗം വിളിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ റോഡരികിൽ അനധികൃതമായി നിർത്തിയിട്ട വാഹനങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് പൊലീസും നഗരസഭയും നിർദേശിച്ചിരുന്നു. റോഡ് വീതികൂട്ടിയതോടെ പലപ്പോഴും കട്ട വിരിച്ച ഭാഗത്താണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്.
ചർച്ചയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം റോഡിൽ ഗതാഗത നിയന്ത്രണ ബോർഡ് സ്ഥാപിച്ചു. ഓവുചാലിലേക്ക് വെള്ളം എത്തിക്കാനും തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്താനും സീബ്രാ ലൈനും മറ്റ് സൂചന ബോർഡുകളും സ്ഥാപിക്കാനും തീരുമാനമായി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരീക്കോട് റോഡിൽ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. റോഡ് നവീകരിച്ചതോടെ അപകടവും തുടർക്കഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.