നൂറ്റാണ്ട് പിന്നിട്ടിട്ടും സ്വന്തം കെട്ടിടമില്ലാതെ അരുകിഴായ സ്കൂൾ
text_fieldsമഞ്ചേരി: സ്കൂൾ സ്ഥാപിച്ച് നൂറ്റാണ്ട് പിന്നിട്ടിട്ടും സ്വന്തം കെട്ടിടമില്ലാതെ അരുകിഴായ ഗവ. എൽ.പി സ്കൂൾ. വാടക കെട്ടിടത്തിലാണ് സ്കൂൾ ഇപ്പോഴും പ്രവർത്തിക്കുന്നത്. നിലവിലെ കെട്ടിടം തകർച്ച ഭീഷണിയിലുമാണ്.
സ്കൂളിന് സ്വന്തം കെട്ടിടം നിർമിക്കാനുള്ള നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. കഴിഞ്ഞ വർഷം സ്ഥലമേറ്റെടുക്കാൻ ബജറ്റിൽ തുക നീക്കിവെച്ചിരുന്നെങ്കിലും നടപടിയായിട്ടില്ല. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ രാഷ്ട്രീയക്കാർ ചേരിതിരിഞ്ഞ് രംഗത്തുണ്ട്. നിലവിൽ സ്കൂൾ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടവും സ്ഥലവും ഏറ്റെടുക്കണമെന്നാണ് ഒരു വിഭാഗം രക്ഷിതാക്കളുടെ ആവശ്യം. എന്നാൽ, മറ്റൊരു സ്ഥലം കണ്ടെത്തി സ്കൂൾ മാറ്റിസ്ഥാപിക്കണമെന്ന് പറയുന്നവരുമുണ്ട്. അപകടാവസ്ഥയിലായ കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ നഗരസഭ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.
സ്കൂൾ നിർമിക്കാൻ തൊട്ടടുത്ത് തന്നെ 30 സെന്‍റ് സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ, ഈ സ്ഥലം കെട്ടിട നിർമാണത്തിന് അനുയോജ്യമല്ലെന്നും ഇവിടെ സ്കൂൾ നിർമിച്ചാൽ വിദ്യാർഥികൾക്ക് എത്താൻ പ്രയാസമാണെന്നും ചൂണ്ടിക്കാട്ടി സ്കൂൾ സംരക്ഷണ സമിതി സംസ്ഥാന ബാലാവകാശ കമീഷന് പരാതി നൽകി. ഇതോടെ കമീഷൻ നഗരസഭയോട് റിപ്പോർട്ട് തേടി. തുടർന്ന് നഗരസഭ എൻജിനീയർ സ്ഥലം പരിശോധിക്കുകയും ഉയർന്നതും പാറയുള്ളതുമായ സ്ഥലമായതിനാൽ കെട്ടിടം നിർമിക്കാൻ അനുയോജ്യമല്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. മറ്റൊരു സ്ഥലം കണ്ടെത്തേണ്ടി വരുമെന്നതിനാൽ നിർമാണത്തിന് ഇനിയും കാലതാമസം ഉണ്ടാകും.
പഠന റിപ്പോർട്ട്തയാറാക്കാൻ ഉപസമിതി
മഞ്ചേരി: അരുകിഴായ ഗവ. എൽ.പി സ്കൂൾ നിർമിക്കാൻ കണ്ടെത്തിയ ഭൂമി അനുയോജ്യമല്ലെന്ന് മുനിസിപ്പൽ എൻജിനീയർ റിപ്പോർട്ട് നൽകിയ സ്ഥലം നഗരസഭ ഉപസമിതി സന്ദർശിക്കും. ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം.
വൈസ് ചെയർപേഴ്സൻ, സ്ഥിരംസമിതി അധ്യക്ഷർ, വാർഡ് കൗൺസിലർ, പ്രതിപക്ഷ അംഗം, കൗൺസിലർമാരായ യാഷിഖ് മേച്ചേരി, വി.പി. ഫിറോസ്, മുനിസിപ്പൽ എൻജിനീയർ എന്നിവരാണ് ഉപസമിതി അംഗങ്ങൾ. ഇവർ സ്ഥലം പരിശോധിച്ച് തുടർനടപടികൾ ചർച്ച ചെയ്യും. നിർമാണ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായവും തേടും. നിലവിൽ സ്കൂൾ പ്രവർത്തിക്കുന്ന ഭൂമി തന്നെ ഏറ്റെടുക്കണമെന്ന് വാർഡ് കൗൺസിലറും സ്കൂൾ സംരക്ഷണ സമിതിയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.