മഞ്ചേരിയിൽ മോഷണം തുടർക്കഥ
text_fieldsമഞ്ചേരി: നഗരത്തിൽ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം. രണ്ടുദിവസത്തിനിടെ നിരവധി സ്ഥലങ്ങളിൽ മോഷണം നടന്നു. നഗരസഭയുടെ നിർമാണം പുരോഗമിക്കുന്ന വേട്ടേക്കോട്ടെ വാതക ശ്മശാനത്തിൽനിന്ന് ഇൻഡസ്ട്രിയൽ മോട്ടോറും മറ്റും കളവുപോയി. മെഡിക്കൽ കോളജിൽ രോഗിക്ക് കൂട്ടിയിരിക്കാനെത്തിയ മഞ്ചേരി സ്വദേശിയുടെ മൊബൈൽ ഫോണും മോഷ്ടാവ് അടിച്ചെടുത്തു.
ജുമുഅ നമസ്കാരത്തിനായി പള്ളിയിൽ കയറിയ സമയത്ത് നിർത്തിയിട്ട ഓട്ടോയിൽനിന്ന് വിദ്യാർഥികൾ മോഷണം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വാതക ശ്മശാനത്തിൽനിന്ന് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് നഷ്ടമായത്.അടുത്തിടെ ട്രയൽ റൺ നടത്താനിരിക്കെയാണ് മോഷണം. ഷീറ്റ്, പൈപ്പ്, മോട്ടോർ, 25 കോപ്പർ ട്യൂബ്, വാട്ടർ ടാപ്, ഹാൻഡ് ഷവർ, ബാത്ത് റൂം ഷവർ എന്നിവയാണ് മോഷണം പോയത്. 85 ലക്ഷം രൂപ ചെലവഴിച്ചാണ് ശ്മശാനം സജ്ജമാക്കുന്നത്.
വൈദ്യുതിയും വെള്ളവും ലഭിച്ചാൽ ഉദ്ഘാടനം നടത്താനിരിക്കുകയായിരുന്നു. കുഴൽകിണർ സജ്ജമാക്കാൻ നഗരസഭ ഈ വർഷം പദ്ധതി വെച്ചിരുന്നു. മെഡിക്കൽ കോളജിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ ബന്ധുവിന്‍റെ മൊബൈൽ ഫോണാണ് നഷ്ടമായത്. വരാന്തയിൽ കിടന്നുറങ്ങുന്നതിനിടെ പോക്കറ്റിൽനിന്ന് മോഷ്ടാവ് ഫോൺ എടുക്കുകയായിരുന്നു. പുലർച്ച രണ്ടരയോടെയാണ് സംഭവം. വെള്ള മുണ്ടും നീല ഷർട്ടും ധരിച്ചെത്തിയയാൾ ഫോൺ മോഷ്ടിക്കുന്ന ദൃശ്യം പൊലീസ് പുറത്തുവിട്ടു.
പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാർക്കറ്റിൽനിന്ന് നിർത്തിയിട്ട ഓട്ടോയിൽനിന്ന് പണവും മറ്റും നഷ്ടമായത്. നമസ്കാരത്തിനായി പള്ളിയിൽ പോയ സമയത്ത് യൂനിഫോം ധരിച്ചെത്തിയ വിദ്യാർഥികൾ ഓട്ടോയിൽനിന്ന് പണം എടുക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഓട്ടോ തൊഴിലാളികൾ മഞ്ചേരി പൊലീസിൽ പരാതി നൽകി. കഴിഞ്ഞയാഴ്ച മഞ്ചേരിയിലെ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. രണ്ടാഴ്ച മുമ്പ് തുറക്കൽ ബൈപാസിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിലും മോഷണശ്രമം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.