വൈദ്യുതി മോഷണം പരിശോധിക്കാൻ വകുപ്പിൽ പൊലീസില്ല
text_fieldsമഞ്ചേരി: വൈദ്യുതി മോഷണങ്ങൾ പരിശോധിക്കാൻ ആൻറി പവർ തെഫ്റ്റ് സ്ക്വാഡിൽ (എ.പി.ടി.എസ്) പൊലീസില്ല. എ.എസ്.ഐ തസ്തികയാണ് വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്. പൊലീസിെൻറ സഹായമില്ലാതെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ആ സമയത്ത് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് ആളെ എത്തിക്കുകയാണ് ചെയ്യുന്നത്.
അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തുന്നത്. ഇതിന് പുറമെ ഒരു അസി. എൻജിനീയർ, സബ് എൻജിനീയർ, ലൈൻമാൻ എന്നിവരും ഉണ്ടാകും. എന്നാൽ, ജില്ല ഓഫിസായ മഞ്ചേരിയിൽ അസി. എക്സിക്യൂട്ടിവ് എൻജിനീയർ തസ്തികയും രണ്ട് മാസമായി ഒഴിഞ്ഞ് കിടക്കുകയാണ്. നിലവിലെ ഓഫിസർ സ്വമേധയ വിരമിച്ചതോടെയാണ് തസ്തികയിൽ ആളില്ലാതെ കിടക്കുന്നത്. ഇത് പരിശോധനയെയും ബാധിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 79 മോഷണങ്ങളാണ് സ്ക്വാഡ് പിടികൂടിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏറ്റവും കൂടുതൽ മോഷണം പിടികൂടിയ വർഷമാണിത്. 2521 പരിശോധനകളിൽനിന്ന് 153 മറ്റ് ക്രമക്കേടുകളും കണ്ടെത്തി. പിഴയിനത്തിൽ 2,48,96,504 രൂപയും വകുപ്പിന് ലഭിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് കോവിഡ് സാഹചര്യത്തിൽ പരിശോധന കുറഞ്ഞതോടെ വരുമാനത്തിലും രണ്ട് കോടിയോളം രൂപയുടെ കുറവ് വന്നു.
2019-20 സാമ്പത്തിക വർഷത്തിൽ 4,09,61,336 രൂപയാണ് ലഭിച്ചത്. 2248 പരിശോധനകൾ നടത്തിയതിൽ 66 മോഷണങ്ങളും 287 മറ്റു ക്രമക്കേടുകളും കണ്ടെത്തി. 2018-19 വർഷത്തിൽ 31 മോഷണങ്ങളും 374 ക്രമക്കേടുകളും കണ്ടെത്തി. പിഴയായി 4,29,10,918 രൂപയാണ് ലഭിച്ചത്. റെക്കോഡ് പിഴ തുക ലഭിച്ചതും ഏറ്റവും കൂടുതൽ മറ്റ് ക്രമക്കേടുകൾ കണ്ടെത്തിയതും ഈ വർഷമായിരുന്നു. താരിഫ് ദുരുപയോഗം ചെയ്യൽ, ലൈൻ നീട്ടിവലിക്കൽ എന്നിവയായിരുന്നു ക്രമക്കേടുകൾ. 2017-18 വർഷത്തിലും പിഴയിനത്തിൽ നാല് കോടിയോളം രൂപ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.